
എറണാകുളം: താരസംഘടനയായ A.M.M.Aയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി നിരവധി പേർ. വിവിധ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമായി താരങ്ങൾക്കിടയിൽ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവമായിട്ടുണ്ട്. ഗ്രൂപ്പുകളിൽ അംഗങ്ങളെ ചേർത്ത് മത്സരത്തിന് ഒരുങ്ങുന്ന പലരും പിന്തുണ തേടുന്നുണ്ട്. ഓഗസ്റ്റ് 15 നാണ് AMMA യുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തിൽ മോഹൻലാൽ പ്രസിഡന്റ് ആയിരുന്ന ഭരണസമിതി രാജി വെച്ചതോടെ കഴിഞ്ഞ ഒരു വർഷമായി അഡ്ഹോക്ക് കമ്മിറ്റിയായിരുന്നു അസോസിയേഷൻ കാര്യങ്ങൾ തീരുമാനിച്ചിരുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന സംഘടനയുടെ ജനറൽ ബോഡി യോഗത്തിലായിരുന്നു പുതിയ ഭരണസമിതിക്കായി തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്. ഓഗസ്റ്റ് 15 വരെ അഡ്‌ഹോക്ക് കമ്മിറ്റിയായിരിക്കും സംഘടനയുടെ ഭരണകാര്യങ്ങൾ തീരുമാനിക്കുക.
പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ താനില്ലെന്ന് നടൻ മോഹൻലാൽ തീർത്തുപറഞ്ഞിരുന്നു.
താരത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതിരുന്നതിനെ തുടർന്നാണ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 27നാണ് പ്രസിഡൻറായ മോഹൻലാൽ ഉൾപ്പെടെ ഭരണസമിതിയിലെ എല്ലാവരും രാജി വെച്ചത്.
Content Highlights: WhatsApp groups are active in the AMMA elections, many Actors are ready to contest