ജമ്മു കശ്മീരിലെ തടവറയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് വലിയവില കൊടുക്കേണ്ടിവന്നു; വെളിപ്പെടുത്തി മസൂദ് അസ്ഹർ

രക്ഷപ്പെടാൻ ശ്രമിച്ചതിന് പിന്നാലെയുണ്ടായ അനന്തരഫലം വളരെ ഗുരുതരമായിരുന്നെന്ന് വിവരിച്ച് ഇയാൾ വിതുമ്പുന്നത് ഓഡിയോയിൽ കേൾക്കാം

ജമ്മു കശ്മീരിലെ തടവറയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് വലിയവില കൊടുക്കേണ്ടിവന്നു; വെളിപ്പെടുത്തി മസൂദ് അസ്ഹർ
dot image

ഇസ്‌ലാമാബാദ്:: പാകിസ്താൻ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകൻ മസൂദ് അസ്ഹറിന്റെ തുറന്നു പറച്ചിലാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. 1990കളിൽ ജമ്മു കശ്മീരിലെ ജയിലിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതിന് തനിക്ക് വലിയവില നൽകേണ്ടി വന്നുവെന്നാണ് അസ്ഹർ പറയുന്നത്. തുരങ്കം കുഴിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ താൻ പിടിക്കപ്പെടുകായാണ് ഉണ്ടായതെന്ന് അസ്ഹർ പറയുന്നു. പാകിസ്താനിൽ നടന്ന ഒരു പരിപാടിക്കിടെ അസ്ഹർ മൈക്കിലൂടെ സംസാരിക്കുന്നതിന്റെ ഓഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത് അസ്ഹറിന്റെ തന്നെയാണെന്ന് ഇന്റലിജൻസ് വ്യക്തമാക്കിയിട്ടുണ്ട്.

ജമ്മു കശ്മീരിലെ കോട്ട് ഭാൽവാൽ ജയിലിൽ നിന്നാണ് അസ്ഹർ രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ രക്ഷപ്പെടാൻ ശ്രമിച്ച ദിവസം തന്നെ പിടിക്കപ്പെട്ടു. നിരവധി ഭീകര പ്രവർത്തകരെ തടവിൽ പാർപ്പിച്ചിരിക്കുന്ന അതീവ സുരക്ഷയുള്ള ജയിലുകളിലൊന്നിലാണ് അസ്ഹറിനെ പാർപ്പിച്ചിരുന്നത്. ജയിൽ പരിസരത്തുനിന്ന് സംഘടിപ്പിച്ച ഉപകരണങ്ങൾ ഉപയോഗിച്ചാണ് തുരങ്കം ഉണ്ടാക്കിയതെന്നാണ് അസ്ഹർ ഓഡിയോയിൽ വിവരിക്കുന്നത്. എന്നാൽ രക്ഷപ്പെടാൻ ശ്രമിച്ചതിന് പിന്നാലെയുണ്ടായ അനന്തരഫലം വളരെ ഗുരുതരമായിരുന്നെന്ന് വിവരിച്ച് ഇയാൾ വിതുമ്പുന്നത് ഓഡിയോയിൽ കേൾക്കാം. ജയിൽചാടാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ഇയാൾക്കും കൂടെയുണ്ടായിരുന്ന തടവുകാർക്കുമുള്ള നിയമങ്ങൾ കർശനമാക്കിയിരുന്നു.

ശാരീരികമായി അതിക്രമങ്ങൾ നേരിടേണ്ടിവന്നെന്നാണ് അസ്ഹറിന്റെ വിശദീകരണം. ചങ്ങലയിൽ ബന്ധിച്ച തനിക്ക് ദൈന്യംദിന കാര്യങ്ങൾ ചെയ്യാൻ പോലും ചെയ്യാൻ സാധിച്ചിരുന്നില്ലെന്ന് അസ്ഹർ പറയുന്നു. 1994 ഫെബ്രുവരിയിലാണ് അസ്ഹർ വ്യാജ പേരിൽ പോർച്ചുഗീസ് പാസ്‌പോർട്ടുമായി ഇന്ത്യയിലെത്തുന്നത്. ജമ്മു കശ്മീരിൽ ഭീകരരെ റിക്രൂട്ട് ചെയ്യുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഇതേ വർഷം തന്നെ ഇയാൾ അനന്തനാഗിൽ നിന്നും പിടിയിലായി. 1999വരെ തടവിലായിരുന്നു. 1999ലെ ഇന്ത്യൻ എയർലൈൻസ് റാഞ്ചിയ സംഭവത്തെ തുടർന്നാണ് ഇയാൾ മോചിതനാകുന്നത്. പിന്നാലെ ഇയാൾ ജെയ്‌ഷെ മുഹമ്മദ് സ്ഥാപിച്ചു. ഇന്ത്യയിൽ 2001ൽ നടന്ന പാർലമെന്റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം തുടങ്ങി നിരവധി ആക്രമണങ്ങൾക്ക് പിന്നിലെ സൂത്രധാരനാണിയാൾ.

Content Highlights: Masood Azhar the consequence faced after he tried escape from Jammu Kashmir jail

dot image
To advertise here,contact us
dot image