സർക്കാർ നീതി ലഭ്യമാക്കിയില്ലെന്ന് പരാതി; വിവാദ സ്ഥലത്തുള്ള മാതാപിതാക്കളുടെ കല്ലറ തകർത്ത് പ്രതിഷേധിച്ച് മകൻ

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ പൊലീസുകാർക്ക് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കവെ പൊള്ളലേറ്റ് മരിച്ച രാജൻ-അമ്പിളി ദമ്പതികളുടെ മകനാണ് രഞ്ജിത്ത് രാജ്

dot image

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മാതാപിതാക്കൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സർക്കാർ നീതി ലഭ്യമാക്കിയില്ലെന്ന് ആരോപിച്ച് പ്രതിഷേധം. വിവാദ വസ്തുവിലെ മാതാപിതാക്കളുടെ കല്ലറ തകർത്താണ് മകൻ രഞ്ജിത്ത് രാജ് പ്രതിഷേധിച്ചത്. സർക്കാർ പ്രഖ്യാപിച്ച സഹായധനം ലഭിച്ചില്ലെന്നും രഞ്ജിത്ത് രാജ് പറയുന്നു. വസ്തു അയൽവാസിയുടേതെന്ന നെയ്യാറ്റിൻകര കോടതിയുടെ വിധിക്ക് പിന്നാലെയാണ് രഞ്ജിത്തിൻ്റെ പ്രതിഷേധം. കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ പൊലീസുകാർക്ക് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കവെ പൊള്ളലേറ്റ് മരിച്ച രാജൻ-അമ്പിളി ദമ്പതികളുടെ മകനാണ് രഞ്ജിത്ത് രാജ്. 2020 ഡിസംബർ 28നായിരുന്നു സംഭവം.

പിന്നാക്ക വിഭാ​ഗത്തിന് വേണ്ടി അനുവദിച്ച സ്ഥലത്തെ ചൊല്ലിയായിരുന്നു അയൽവാസിയുമായി രാജൻ്റെ കുടുംബത്തിൻ്റെ തർക്കം. ഭൂമിയുടെ അവകാശം സംബന്ധിച്ച് അയൽവാസി വസന്ത കോടതിയിൽ നിന്ന് അനുകൂല വിധി വാങ്ങിയതിന് പിന്നാലെയായിരുന്നു ഒഴിപ്പിക്കൽ നടപടി. ഈ നടപടിക്കിടെയായിരുന്നു രാജനും അമ്പളിയും തലയിൽ മണ്ണെണ്ണ ഒഴിച്ച് പ്രതിഷേധിച്ചത്. ഇരുവരെയും പിടിച്ച് മാറ്റുന്നതിനിടയിലാണ് തീപടർന്ന് പൊള്ളലേറ്റ് ഇരുവരും മരിച്ചത്.

ഇതിന് പിന്നാലെ സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. സംഭവത്തിന് ശേഷവും വിവാ​ദമായ സ്ഥലത്താണ് രാജൻ-അമ്പിളി ദമ്പതികളുടെ മക്കൾ കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് കോടതിയിൽ നിന്ന് വീണ്ടും സ്ഥലവുമായി ബന്ധപ്പെട്ട് വസന്തയ്ക്ക് അനുകൂലമായ വിധി വന്നത്.

Content Highlights: Son protests by demolishing his parents' graves at the controversial site

dot image
To advertise here,contact us
dot image