'രണ്ടര മിനിറ്റിനിടെ ആറ് ഭാഗത്ത് മ്യൂട്ട്'; ജെഎസ്‌കെ പുതുക്കിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു

തുടര്‍ച്ചയായി 'ജാനകി' എന്ന പേര് മ്യൂട്ട് ചെയ്തത് സിനിമയെ ബാധിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്

dot image

കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പുതുക്കിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു. കോടതിയില്‍ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തു. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തില്‍ മ്യൂട്ട്. തുടര്‍ച്ചയായി 'ജാനകി' എന്ന പേര് മ്യൂട്ട് ചെയ്തത് സിനിമയെ ബാധിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ സബ് ടൈറ്റിലും മാറ്റിയിട്ടുണ്ട്. ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് മാറ്റിയിരിക്കുന്നത്.

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ജാനകിയുടെ പേര് ഉപയോഗിക്കുന്ന കോടതി രംഗത്തിലെ ഒരു സംഭാഷണം മാറ്റുകയോ മ്യൂട്ട് ചെയ്യുകയോ വേണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചു.

കേസ് കോടതി പരിഗണിച്ചപ്പോള്‍ ടൈറ്റില്‍ മാറ്റുന്നതുകൊണ്ടുള്ള ബുദ്ധിമുട്ട് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചിരുന്നു. ജാനകി എന്ന പേര് ഉപയോഗിക്കുന്ന 96 ഓളം ഭാഗങ്ങളിലും കട്ട് വേണ്ടിവരുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. ഇതോടെയാണ് ടൈറ്റിലില്‍ വി എന്ന് ചേര്‍ത്താല്‍ മതിയാകുമെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയത്. കോടതി രംഗങ്ങളില്‍ പേര് ഉപയോഗിക്കുന്ന ഭാഗം മ്യൂട്ട് ചെയ്താല്‍ മതിയെന്നും സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് ചിത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചത്. വിചാരണ രംഗങ്ങളില്‍ ജാനകിയെന്ന പേര് ഉപയോഗിക്കുന്ന ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യാമെന്നും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം 'ജാനകി' എന്ന പേരിലാണ് കുടുങ്ങിയത്. പീഡനത്തിരയായി ഗര്‍ഭിണിയായ യുവതിയെയാണ് അനുപമ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നല്‍കിയതാണ് വിവാദമായത്.

Content Highlights- JSK team submitted new version of movie to censor board

dot image
To advertise here,contact us
dot image