
തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് രജിസ്ട്രാർക്കെതിരെ നടപടിക്ക് സാധ്യത. വൈസ് ചാൻസലർ പിരിച്ചുവിട്ടതിന് ശേഷവും ജോയിന്റ് രജിസ്ട്രാർ സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്നതിലാണ് നടപടിക്ക് സാധ്യത. സംഭവത്തിൽ ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിന്റെ ഇടപെടൽ ചട്ടവിരുദ്ധം എന്ന് വിലയിരുത്തി താത്കാലിക വി സി സിസ തോമസ് വിശദീകരണം ആവശ്യപ്പെട്ടു.
നാടകീയമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് യോഗത്തിൽ ഉണ്ടായത്. രജിസ്ട്രാർ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കുന്നത് സംബന്ധിച്ച് നടന്ന ചർച്ചയിൽ നിന്ന് താത്കാലിക വി സി സിസ തോമസ് ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് മറ്റൊരു മുതിർന്ന സിൻഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തിൽ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ കെ എസ് അനിൽകുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചതായി അറിയിക്കുകയായിരുന്നു. എന്നാൽ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്നും പിൻവലിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കോടതിയുടേതാണെന്നുമായിരുന്നു ഡോ. സിസ തോമസിന്റെ നിലപാട്.
ശേഷം വൈകുന്നേരം നാലരയോടെ സര്‍വകലാശാലയിലെത്തി കെ എസ് അനില്‍കുമാർ ചുമതല ഏറ്റെടുത്തിരുന്നു. പിന്നാലെ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ നടപടിക്കെതിരെ ഹൈക്കോടതിയിൽ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ കെ എസ് അനില്‍കുമാര്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം അനിൽകുമാറിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ ഇന്ന് അറിയിക്കും.
കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വിസി രജിസ്ട്രാര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. റിപ്പോര്‍ട്ട് പരിശോധിച്ച ഗവര്‍ണര്‍ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിസിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവരികയായിരുന്നു.
Content Highlights: Action may be taken against joint registrar on kerala university syndicate meeting issue