
തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ വിഷയത്തില്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ നടപടിക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍. സസ്‌പെന്‍ഡ് ചെയ്ത വിസിയുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് പിന്‍വലിക്കുന്നത്. സസ്‌പെന്‍ഷന്‍ നടപടി സിന്‍ഡിക്കേറ്റ് റദ്ദാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. ഹര്‍ജി പിന്‍വലിക്കുന്ന കാര്യം ഡോ കെ എസ് അനില്‍ കുമാറിന്റെ അഭിഭാഷകന്‍ നാളെ ഹൈക്കോടതിയെ അറിയിക്കും.
രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി കഴിഞ്ഞദിവസം തയ്യാറായിരുന്നില്ല. സംഭവത്തില്‍ പൊലീസും സര്‍വകലാശാലയും വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. സസ്പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി നിലപാട് സ്വീകരിച്ചത്. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കാനിരിക്കെയാണ് രജിസ്ട്രാര്‍ ഹര്‍ജി പിന്‍വലിച്ചിരിക്കുന്നത്.
അതേസമയം സിന്‍ഡിക്കേന്റിന്റെ നിര്‍ദേശ പ്രകാരം രജിസ്ട്രാര്‍ ഇന്ന് ചുമതല ഏറ്റെടുത്തിരുന്നു. വൈകുന്നേരം 4.30നാണ് സര്‍വകലാശാലയിലെത്തി ചുമതല ഏറ്റെടുത്തത്. അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ നടപടി റദ്ദാക്കിയെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അവകാശപ്പെട്ടിരുന്നു. കേരള സര്‍വകലാശാല വൈസ് ചാന്‍സലറിന്റെ താത്ക്കാലിക ചുമതലയുള്ള ഡോ. സിസ തോമസിന്റെ വിയോജനക്കുറിപ്പ് തള്ളിയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം. എന്നാല്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കിയിട്ടില്ലെന്നും പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കോടതിയുടേതാണെന്നും ഡോ. സിസ തോമസും പ്രതികരിച്ചിരുന്നു. ഇതിനിടയിലാണ് രജിസ്ട്രാര്‍ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വിസി രജിസ്ട്രാര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. റിപ്പോര്‍ട്ട് പരിശോധിച്ച ഗവര്‍ണര്‍ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിസിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവരികയായിരുന്നു.
Content Highlights: Kerala University Registrar withdraw his appeal on Highcourt