'പൊതുജനാരോഗ്യം സംരക്ഷിക്കുക'; കോട്ടയത്ത് നിന്ന് തന്നെ പ്രതിരോധം ആരംഭിക്കാന്‍ എല്‍ഡിഎഫ്

മെഡിക്കല്‍ കോളേജ് അടക്കമുള്ള ആരോഗ്യമേഖലയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു എന്ന് സിപിഐഎം ആരോപിച്ചു.

dot image

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിനും കേരള സര്‍ക്കാരിനുമെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ തീരുമാനിച്ച് കോട്ടയത്തെ എല്‍ഡിഎഫ് നേതൃത്വം. പൊതുജന ആരോഗ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി ജില്ലയില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കാനാണ് എല്‍ഡിഎഫ് തീരുമാനം. വിഷയത്തില്‍ ഇടപെട്ട ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യുഡിഎഫിന് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്ന് കൂടിയാണ് എല്‍ഡിഎഫിന്‍റെ പുതിയ നീക്കം.

എട്ടാം തിയ്യതി കോട്ടയം മെഡിക്കല്‍ കോളേജിന് മുന്‍പില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ ജനകീയ കൂട്ടായ്മകള്‍ നടത്തും. മുന്നണിയുടെ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുക. മെഡിക്കല്‍ കോളേജ് അടക്കമുള്ള ആരോഗ്യമേഖലയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു എന്ന് സിപിഐഎം ആരോപിച്ചു.

കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കുന്നതിനായി അപകടം നടന്ന കെട്ടിടത്തിലെ ശുചിമുറിയില്‍ എത്തിയതായിരുന്നു ബിന്ദു. ഇതിനിടെയാണ് അപകടം നടന്നത്. അമ്മയെ കാണാതായതോടെ മകള്‍ നവമി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരണമുണ്ടായില്ല. ഇതിനിടെ ബിന്ദുവിനെ അന്വേഷിക്കുകയായിരുന്നു ഭര്‍ത്താവ് വിശ്രുതന്‍.

അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി വി എന്‍ വാസവന്‍ സ്ഥലത്തെത്തി. ഇതിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജും അപകടസ്ഥലത്തെത്തി. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് ആദ്യഘട്ടത്തില്‍ നല്‍കിയ പ്രതികരണം. മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശം അനുസരിച്ച് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി വീണാ ജോര്‍ജ്, ആരും കുടുങ്ങിയിട്ടില്ല എന്ന് പറഞ്ഞത് ആദ്യം കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു വിവിധയിടങ്ങളില്‍ അരങ്ങേറിയത്.

Content Highlights: LDF to start defense from Kottayam itself

dot image
To advertise here,contact us
dot image