ഞങ്ങൾ ഒന്നും ചെയ്യാതിരുന്നത് കൊണ്ടാണല്ലോ തോറ്റത്, 10 വർഷം ഭരിച്ചവരോട് എന്താണ് ചോദിക്കാത്തത്; രമേശ് ചെന്നിത്തല

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടവുമായി ബന്ധപ്പെട്ട് 2013ല്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ ഒന്നും ചെയ്തില്ലെന്ന ഇടത് ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

dot image

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടവുമായി ബന്ധപ്പെട്ട് 2013ല്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ ഒന്നും ചെയ്തില്ലെന്ന ഇടത് ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒന്നും ചെയ്യാതിരുന്നത് കൊണ്ടാണല്ലോ തങ്ങള്‍ തോറ്റതെന്ന് അദ്ദേഹം പറഞ്ഞു. 10 വര്‍ഷം ഭരിച്ചവരോട് നിങ്ങള്‍ എന്താണ് ചോദിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

'രാഷ്ട്രീയമായ തര്‍ക്കമല്ലയിത്. രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ വേണം. ഇതൊന്നും ചെയ്യാതെ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള തര്‍ക്കം ആക്കുന്നതില്‍ യാതൊരു പ്രസക്തിയുമില്ല. ദാരുണമായ സംഭവമാണ് ഉണ്ടായത്. മന്ത്രിമാരുടെ ന്യായീകരണം അതിരു കവിയുന്നു. മന്ത്രി വാസവന്‍ ചോദിച്ചത് ആരോഗ്യമന്ത്രി തള്ളിയിട്ടതാണോയെന്നാണ്. മന്ത്രി തള്ളിയിട്ടത് അല്ല പ്രവര്‍ത്തനത്തിലെ വൈകല്യം കൊണ്ട് ഉണ്ടായ അപകടമാണ്', രമേശ് ചെന്നിത്തല പറഞ്ഞു.

കെട്ടിടം ഇടിഞ്ഞുവീണ് ഒരു സ്ത്രീ മരിച്ചപ്പോള്‍ അങ്ങനെ ഒരു മരണം ഉണ്ടായി എന്ന് അന്വേഷിക്കാന്‍ പോലും തയ്യാറായില്ല. നമ്പര്‍ വണ്ണാണ് എന്ന് വരുത്താനുള്ള വ്യഗ്രതയിലാണെന്നും എല്ലാം ശരിയാണ് എന്ന നിലയിലായിരുന്നു രണ്ടു മന്ത്രിമാരുടെയും പ്രവര്‍ത്തനമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആരോഗ്യമന്ത്രി പ്രതിഷേധത്തെ ഭയക്കുകയാണെന്നും അതുകൊണ്ടാണ് അതിരാവിലെ ബിന്ദുവിന്റെ വീട്ടില്‍ പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ആരോഗ്യവകുപ്പിന്റെ കുത്തഴിഞ്ഞ നടപടി കൊണ്ട് ജനങ്ങള്‍ അസ്വസ്ഥരാണ്. ആശുപത്രികളില്‍ ഉപകരണങ്ങള്‍ കൊണ്ട് ചെന്നാല്‍ ചികിത്സിക്കും. നല്ല ഡോക്ടര്‍മാര്‍ ഉണ്ട്. പക്ഷേ മരുന്നോ ഉപകരണങ്ങളോ ഇല്ല. പിന്നെ എങ്ങനെയാണ് ചികിത്സ നല്‍കുന്നത്. പാവപ്പെട്ട ആളുകള്‍ക്ക് അമേരിക്കയില്‍ പോയി ചികിത്സിക്കാന്‍ കഴിയുമോ. അവര്‍ക്ക് വരാന്‍ കഴിയുന്ന സര്‍ക്കാര്‍ ആശുപത്രി ദയനീയ സ്ഥിതിയാണ്. അത് പരിഹരിക്കാന്‍ പോലും മന്ത്രി തയ്യാറല്ല', രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മന്ത്രിയെ ന്യായീകരിക്കുകയാണ് എല്ലാവരുമെന്നും ഒമ്പത് വര്‍ഷമായി കേരളത്തിലെ ആരോഗ്യ രംഗം തകര്‍ന്നു തരിപ്പണമായി കിടക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വസ്തുതാപരമായ അന്വേഷണം ഉണ്ടാകണമെന്നും കുടുംബത്തിന് വേണ്ട സഹായം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ മന്ത്രിയായിരുന്ന കാലത്ത് തടഞ്ഞ ആളുകളാണ് ഡിവൈഎഫ്‌ഐക്കാരെന്നും അന്ന് തടഞ്ഞവര്‍ക്ക് മന്ത്രിമാര്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ അസ്വസ്ഥത ഉണ്ടാകുന്ന കാര്യം എന്താണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. അന്ന് അത് ന്യായമായിരുന്നെങ്കില്‍ ഇന്നതെങ്ങനെ അന്യായമാകുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഡിവൈഎഫ്‌ഐയെ പേടിച്ചാരും സമരം ചെയ്യാതിരിക്കുമെന്ന് കരുതണ്ടയെന്നും അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മന്‍ എംഎല്‍എ ആംബുലന്‍സ് തടഞ്ഞ സംഭവത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. ആ സമയത്തെ വികാരപ്രകടനം ആയിരിക്കാം. തങ്ങളാരും അങ്ങനെയൊന്നും ചെയ്യാറില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Content Highlights: Ramesh Chennithala about Kottayam Medical College building collapse

dot image
To advertise here,contact us
dot image