'നേരത്തെ മുതൽ പ്രതിസന്ധികളുണ്ട്, ചൂണ്ടിക്കാണിച്ചപ്പോൾ ലഭിച്ചത് അലസമായ മറുപടി'; ഡോ. ഹാരിസ് ചിറക്കൽ

മെഷീനുകൾ വാങ്ങിത്തന്നിട്ടുണ്ടെങ്കിലും മെയിന്റനൻസ്, സർവീസ് എന്നിവ സമയത്ത് നടക്കാറില്ല ഡോ. ഹാരിസ് ചിറക്കൽ

dot image

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമവും പ്രതിസന്ധിയും നീണ്ട കാലമായി ഉള്ളതെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ. പലരോടുമായി താൻ ഇക്കാര്യം സൂചിപ്പിച്ചെന്നും എന്നാൽ വ്യക്തമായ മറുപടി പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഡോ. ഹാരിസ് റിപ്പോർട്ടറിനോട് പറഞ്ഞു. അടുത്ത കാലത്താണ് പ്രതിസന്ധി രൂക്ഷമായത്. മെഷീനുകൾ വാങ്ങിത്തന്നിട്ടുണ്ടെങ്കിലും മെയിന്റനൻസ്, സർവീസ് എന്നിവ സമയത്ത് നടക്കാറില്ല. പുതിയ ഉപകരണങ്ങൾ തീരെയില്ല എന്നും ഡോ. ഹാരിസ് ചിറക്കൽ റിപ്പോർട്ടറിൻ്റെ കോഫി വിത്ത് അരുണിൽ പറഞ്ഞു.

നിരവധി തവണ താൻ അപേക്ഷകൾ നൽകിയെന്നും എന്നാൽ ഒന്നിൽ പോലും നടപടിയുണ്ടായില്ല എന്നും ഹാരിസ് ആരോപിക്കുന്നുണ്ട്. തൻ്റെ പക്കൽ ഈ അപേക്ഷയുടെ രേഖകൾ ഉണ്ടെന്നും ഡോക്ടർ പറഞ്ഞു. താൻ വകുപ്പ് മേധാവിയായി ചാർജെടുത്ത അന്നുതന്നെ മീറ്റിങ് വിളിച്ചു. ഉപകരണങ്ങൾ ആവശ്യപ്പെട്ടു. മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയെ വരെ കാര്യങ്ങൾ അറിയിച്ചു. എന്നാൽ അലസമായ മറുപടിയാണ് ലഭിച്ചത്. രാഷ്ട്രീയക്കാരോടും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമായും ഉപകരണ ക്ഷാമത്തെക്കുറിച്ച് അറിയിച്ചിട്ടും നടപടിയുണ്ടായില്ല എന്നും ഡോക്ടർ പറയുന്നു.

വിവിധ വകുപ്പ് മേധാവികൾക്ക് ഇക്കാര്യം അറിയാമെന്നും ഡോ. ഹാരിസ് പറഞ്ഞു. എല്ലാ ദിവസവും ഓപ്പറേഷൻ മുടങ്ങിയാൽ അവസാനം ഒരുമിച്ച് ചെയ്യേണ്ടിവരും. അത് വീണ്ടും താമസത്തിനിടയാക്കും. ഉപകരണങ്ങൾ വാങ്ങുക എന്നത് അധികൃതരുടെ ജോലിയാണ്. ഓർഡർ ചെയ്ത് പണമടച്ചാൽ പോലും ഉപകരണം പെട്ടെന്ന് കിട്ടണമെന്നില്ല. വേണമെന്ന് വെച്ച് ചെയ്യുന്നതാണോ പിന്നിൽ വല്ല താത്പര്യങ്ങളുണ്ടോ എന്നൊക്കെ പരിശോധിക്കേണ്ടതാണ് എന്നും ഡോക്ടർ ആവശ്യപ്പെട്ടു.

സൂപ്രണ്ട് തന്നെ തള്ളിപ്പറഞ്ഞതിൽ തനിക്ക് നിരാശയില്ലെന്നും ഡോക്ടർ പറഞ്ഞു. മുൻപ് നടന്ന പല പ്രശ്നങ്ങളിലും ഡോക്ടർമാരെ ആരും പിന്തുണച്ചിട്ടില്ല. നമ്മളെ തിരിച്ച് ചോദ്യം ചെയ്യുകയല്ലാതെ പ്രശ്നങ്ങളിൽ നടപടിയെടുക്കാൻ അവർ ശ്രമിക്കാറില്ല. അവരുടെയും കൂടെ വീഴ്ചയായത് കാരണം നമ്മളെ പിന്തുണയ്ക്കാറില്ല എന്നും ഡോക്ടർ പറഞ്ഞു. തുറന്നുപറഞ്ഞതിൽ വേട്ടയാടപ്പെടുമെന്ന് ഭയമുണ്ട്, പക്ഷെ പറയാതെയിരിക്കാൻ പറ്റില്ലല്ലോ എന്നും ഹാരിസ് ചോദിച്ചു.

Content Highlights: Dr Haris chirackal stands firm at medical equipment shortage

dot image
To advertise here,contact us
dot image