നിലമ്പൂർ തിരഞ്ഞെടുപ്പിന് കളം ഒരുക്കിയവർക്ക് നന്ദി, കേരളത്തിൻ്റെ നല്ല പേര് നിലനിര്‍ത്തേണ്ടതുണ്ട്: സാദിഖലി തങ്ങൾ

കേരളം ലോകത്തിന് മുന്നില്‍ മാതൃകയായ സംസ്ഥാനമാണ്. ആ നല്ല പേര് നിലനിര്‍ത്തേണ്ടതുണ്ട്

dot image

നിലമ്പൂര്‍: കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അതിനുള്ള സൂചനയായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് മാറി കഴിഞ്ഞെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഈ സാഹചര്യത്തില്‍ നിലമ്പൂരില്‍ തിരഞ്ഞെടുപ്പിന് കളം ഒരുക്കിയവര്‍ക്ക് നന്ദി പറയാമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

'കേരളത്തിലെ ജനം ഒറ്റക്കെട്ടായി മാറ്റത്തിനായി കാത്തിരിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് മുഴുവന്‍ വേണ്ടിയുള്ള തിരഞ്ഞെടുപ്പായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് മാറി. ഭരണമാറ്റത്തിനായി എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള സൂചനയായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് മാറി കഴിഞ്ഞു. അതിന് കളമൊരുങ്ങിയവര്‍ക്ക് നന്ദി പറയാം. മനുഷ്യര്‍ക്ക് രക്ഷയില്ലാതെയായി മാറി. നിരവധി ബുദ്ധിമുട്ടുകള്‍ കേരളത്തെ കാര്‍ന്നുതിന്നുകയാണ്. ഉത്തരവാദിത്തം മറന്നാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.' ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങള്‍.

കേരളം ലോകത്തിന് മുന്നില്‍ മാതൃകയായ സംസ്ഥാനമാണ്. ആ നല്ല പേര് നിലനിര്‍ത്തേണ്ടതുണ്ട്. അതിന് നേതൃത്വം കൊടുക്കുന്ന സര്‍ക്കാരാണ് വേണ്ടത്. ജനങ്ങളുമായി അകലം പാലിക്കുന്ന സര്‍ക്കാരാണ് നിലവിലേതെന്നും ജനസമ്പര്‍ക്കം പുലര്‍ത്തുന്ന യുഡിഎഫ് ആണ് കേരളം ഭരിക്കേണ്ടതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ജനങ്ങളുമായി ഏത് നിലയ്ക്കാണ് ബന്ധം പുലര്‍ത്തേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാട്ടി തന്നിട്ടുണ്ടെന്നും സാദിഖതങ്ങള്‍ പറഞ്ഞു. ഭരണകര്‍ത്താവിന് വേണ്ട മികവും ഉത്തരവാദിത്തവും ഉമ്മന്‍ചാണ്ടിയുടെ ഓരോ പ്രവര്‍ത്തനങ്ങളില്‍ നിന്നും കാണിച്ചുതന്നു. ഓടി നടക്കുകയായിരുന്നു അദ്ദേഹം. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും ഓടി നടക്കുകയായിരുന്നു. ഇന്ത്യാ വിഭജനത്തിന് ശേഷം ദാരിദ്ര്യവും പിന്നാക്കാവസ്ഥയും ഒറ്റപ്പെടലുമായിരുന്നു. അതിനെ ജനാധിപത്യവല്‍ക്കരിച്ച് മുന്നോട്ടുകൊണ്ടുവാന്‍ ജവഹര്‍ലാല്‍ നെഹ്‌റു ഓടി നടന്നു. ഒടുവില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അധികാരത്തില്‍ നിന്നും ഇറങ്ങിപ്പോകുമ്പോള്‍ ഭക്ഷ്യസുരക്ഷാ നിയമം പാസാക്കികൊണ്ടാണ് ഇറങ്ങിയത്. ദീര്‍ഘവീക്ഷണത്തോടെയാണ് കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് സർക്കാരുകൾ ഭരിച്ചിരുന്നത്. കുടിയും കുടിശ്ശികയുടേതുമായി കേരളത്തിലെ ഇടതുസര്‍ക്കാര്‍ മാറിയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Content Highlights: Nilambur Election sadiqali shihab thangal seeks vote for aryadan shoukath

dot image
To advertise here,contact us
dot image