ജമാ അത്തെ ഇസ്ലാമിയുടെ മതതീവ്രത ചർച്ച ചെയ്യുമ്പോൾ കമ്മ്യൂണിസത്തിന്റെ നിരീശ്വരത്വവും ചർച്ച ചെയ്യണം: നാസർ ഫൈസി

ഇസ്ലാമിക ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണ് ജമാ അത്തെ ഇസ്ലാമിയെന്ന സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനുള്ള പരോക്ഷ മറുപടി കൂടിയാണ് നാസര്‍ഫൈസി കൂടത്തായിയുടേത്

dot image

മലപ്പുറം: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജമാ അത്ത് ബന്ധവും ജമാ അത്തെ ഇസ്ലാമിയുടെ മതതീവ്രതയും ചര്‍ച്ച ചെയ്യുമ്പോള്‍ സിപിഐഎമ്മിന്റെ കമ്മ്യൂണിസ്റ്റ് ആശയവും കമ്മ്യൂണിസത്തിന്റെ നിരീശ്വരത്വവും ചെഗുവേരിസവും ചര്‍ച്ച ചെയ്യണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ

നേതാവ് നാസര്‍ ഫൈസി കൂടത്തായി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഉടലെടുത്ത ചര്‍ച്ചകള്‍ക്കിടെയാണ് നാസര്‍ ഫൈസി കൂടത്തായി രംഗത്തെത്തിയത്.

'വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജമാഅത്ത് ബന്ധവും ജമാ അത്തെ ഇസ്ലാമിയുടെ മതതീവ്രതയും തിരഞ്ഞെടുപ്പിന് മുന്നില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സിപിഐഎമ്മിന്റെ കമ്മ്യൂണിസ്റ്റ് ആശയവും കമ്മ്യൂണിസത്തിന്റെ നിരീശ്വരത്വവും ചെഗുവേരിസവും ചര്‍ച്ച ചെയ്യണം. മാര്‍ക്‌സിനെയും മാര്‍ക്‌സിസത്തെയും സിപിഐഎം ഇതുവരെ തള്ളിയിട്ടില്ലെന്ന് മാത്രമല്ല, ആശയമായ അരക്കിട്ടുറപ്പിച്ചേയുള്ളൂ. മതത്തിന്റെ പ്രതിരോധം ആദര്‍ശാധിഷ്ഠിതമാവണം. ഏകപക്ഷീയമാവരുത്', എന്നാണ് നാസര്‍ ഫൈസി കൂടത്തായി ഫേസ്ബുക്കില്‍ കുറിച്ചത്.

ഇസ്ലാമിക ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണ് ജമാ അത്തെ ഇസ്ലാമിയെന്ന സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനുള്ള പരോക്ഷ മറുപടി കൂടിയാണ് നാസര്‍ഫൈസി കൂടത്തായിയുടേത്. ഇസ്ലാമില്‍ നാശമുണ്ടാക്കുകയാണ് ജമാ അത്തെയുടെ ലക്ഷ്യം. അതിനെ തുടക്കം മുതലേ സമസ്ത എതിര്‍ക്കുന്നുണ്ടെന്നും ജമാ അത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഉമര്‍ ഫൈസി പറഞ്ഞിരുന്നു.

മതരാഷ്ട്രമാണ് ജമാ അത്തെ ഇസ്ലാമിയുടെ അടിത്തറ. അത് സ്ഥാപകന്‍ മൗദൂദിയുടെ ഗ്രന്ഥങ്ങളില്‍ തന്നെ പറയുന്നുണ്ട്. ഇസ്ലാമിക വിരുദ്ധമായ ആശയം പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരാണ് അവര്‍. മതത്തില്‍ പലതും കടത്തിക്കൂട്ടി ഉള്ളതിനെ ഇല്ലാതാക്കിയവരാണ് ജമാ അത്തൈകളെന്നും ഉമര്‍ഫൈസി പറഞ്ഞിരുന്നു. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു ചര്‍ച്ചകള്‍ ഉടലെടുത്തത്.

Content Highlights: Welfare party support UDF Nasar Faizy Koodathai against Umar Faizy Mukkam

dot image
To advertise here,contact us
dot image