കാൻസർ രോഗിയായ വീട്ടമ്മയ്ക്ക് സഹായഹസ്തവുമായി യൂത്ത് കോണ്‍ഗ്രസ്; മോഷണം പോയ തുക സമാഹരിച്ചു നല്‍കി

യൂത്ത് കോണ്‍ഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റി വിദേശത്തുള്ള സഹപ്രവര്‍ത്തകര്‍വഴിയാണ് തുക സമാഹരിച്ചത്

dot image

ഇടുക്കി: ചികിത്സക്കായി സ്വരൂപിച്ച പണം കവര്‍ച്ച ചെയ്യപ്പെട്ടതോടെ കാന്‍സര്‍ രോഗിയായ വീട്ടമ്മയ്ക്ക് സഹായവുമായി യൂത്ത് കോണ്‍ഗ്രസ്. ചികിത്സക്കായി സൂക്ഷിച്ചിരുന്ന 16,500 രൂപ മോഷ്ടാവ് കവര്‍ന്നിരുന്നു. അത്രയും തുകയാണ് യൂത്ത് കോണ്‍ഗ്രസ് സമാഹകരിച്ചു നല്‍കിയത്.

യൂത്ത് കോണ്‍ഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റി വിദേശത്തുള്ള സഹപ്രവര്‍ത്തകര്‍വഴിയാണ് തുക സമാഹരിച്ചത്. കീമോ തെറാപ്പിക്ക് ശേഷം അടിമാലിയിലെ വാടകവീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന ഉഷയുടെ പണമായിരുന്നു മോഷ്ടാവ് കവര്‍ന്നത്. ഭര്‍ത്താവും മകളും വീട്ടിലില്ലാത്ത സമയത്തായിരുന്നു മോഷണം. വീട്ടില്‍ നിന്നും ലഭിച്ച വിരലടയാളത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ഉഷയും ഭര്‍ത്താവും മകളുമാണ് കവര്‍ച്ച നടന്ന വീട്ടില്‍ താമസിച്ചുവരുന്നത്. കാന്‍സര്‍ രോഗത്താല്‍ ഏറെ ബുദ്ധിമുട്ടുന്ന ഉഷയുടെ ചികിത്സയ്ക്കായി നാട്ടുകാരുള്‍പ്പടെ സമാഹരിച്ചു നല്‍കിയതായിരുന്നു പണം. ഉഷയെ കട്ടിലില്‍ കെട്ടിയിട്ട ശേഷം വായില്‍ തുണി തിരുകിയായിരുന്നു മോഷണം. പിന്നാലെ പേഴ്സിലുണ്ടായിരുന്ന ചികിത്സയ്ക്കായി സമാഹരിച്ച പണമുള്‍പ്പടെയുള്ള 16,000 രൂപ കൈക്കലാക്കി ഇയാള്‍ കടന്നു കളഞ്ഞു. അയല്‍ക്കാരെത്തിയാണ് ഉഷയെ കട്ടിലില്‍ നിന്ന് കെട്ടഴിച്ച് വിട്ടത്.

പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു. സംഭവം നടന്ന വിവേകാന്ദ നഗറില്‍ മോഷണം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മോഷണം നടത്തിയത് അടുത്തറിയാവുന്ന ആളാണെന്ന സംശയത്തിലാണ് പൊലീസ്. പ്രതിയെന്ന യുവാവിന്റെ രേഖാചിത്രം പൊലീസ് തയ്യാറാക്കുകയാണ്. ഉഷ പറഞ്ഞത് പ്രകാരമുള്ള വിവരങ്ങള്‍ വെച്ചാകും രേഖാ ചിത്രം തയ്യാറാക്കുക. 26 വയസ്സ് പ്രായം തോന്നിക്കുന്ന തൊപ്പിവെച്ച, മുടി വെട്ടിയ യുവാവാണ് വീട്ടില്‍ വന്നതെന്ന് ഉഷ പറയുന്നു. ദൃക്‌സാക്ഷികളുടെ അഭാവത്തില്ലാണ് പരാതിക്കാരി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കുന്നത്.

Content Highlights: Youth Congress helps housewife suffering from cancer after money was stolen at Idukki

dot image
To advertise here,contact us
dot image