
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി. സ്വകാര്യ വ്യക്തി സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്നാണ് നിലമ്പൂര്‍ വഴിക്കടവില്‍ മൂന്നു കുട്ടികള്‍ക്ക് ഷോക്കേറ്റത്. ഇത് കെഎസ്ഇബിയുടെ സിംഗിള്‍ ഫേസ് ലൈനില്‍ നിന്ന് വൈദ്യുതി മോഷ്ടിച്ചെടുത്ത് ചെയ്തതാതെന്നും കെഎസ്ഇബി വിശദീകരിച്ചു. ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ കെഎസ്ഇബി നിരന്തരം ബോധവത്കരണം നടത്താറുണ്ട്. എന്നിട്ടും സ്വകാര്യ വ്യക്തി/വ്യക്തികള്‍ കാട്ടിയ നിയമലംഘനത്തിന് കെഎസ്ഇബിയെ പഴി പറയുന്നത് തികച്ചും വസ്തുതാവിരുദ്ധവും അപലപനീയവുമാണെന്നാണ് വിശദീകരണം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് കെഎസ്ഇബിയുടെ വിശദീകരണം.
ഇന്നലെ വൈകിട്ടോടെയായിരുന്നു വഴിക്കടവില്‍ പതിനഞ്ചുകാരനായ അനന്തു ഷോക്കേറ്റ് മരിച്ചത്. സുഹൃത്തുക്കളായ അഞ്ച് പേര്‍ക്കൊപ്പം വഴിക്കടവിലെ തോട്ടില്‍ മീന്‍പിടിക്കാന്‍ പോയതായിരുന്നു അനന്തു. വല വീശുന്നതിനിടെ വെള്ളത്തില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. സ്വകാര്യ ഭൂമിയില്‍ പന്നിയെ പിടികൂടാന്‍വെച്ച കെണിയായിരുന്നു അനന്തുവിന്റെ ജീവനെടുത്തത്. അനന്തുവിനൊപ്പം ഉണ്ടായിരുന്ന യദുകൃഷ്ണന് (23), ഷാനു വിജയ് (17) എന്നിവര്‍ക്ക് ഷോക്കേറ്റിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു. വിദ്യാര്‍ത്ഥിയുടെ മരണം സര്‍ക്കാര്‍ സ്പോണ്സര് ചെയ്തതാണെന്നായിരുന്നു നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് പറഞ്ഞത്. അപകടത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്നും ആര്യാടന് ഷൗക്കത്ത് ആരോപിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് ആവശ്യപ്പെട്ടിരുന്നു.
സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും യുഡിവൈഎഫും അടക്കം രംഗത്തെത്തിയിരുന്നു. റോഡ് ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. സംഭവ സ്ഥലത്തേയ്ക്ക് എത്തിയ സിപിഐഎം നേതാവ് എ വിജയരാഘവന്റെ വാഹനം യുഡിവൈഎഫ് നേതാക്കള്‍ തടഞ്ഞു. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിജയരാഘവനെ തടഞ്ഞത്. കോണ്‍ഗ്രസ് കാണിക്കുന്നത് നിലവാരമില്ലാത്ത രാഷ്ട്രീയമെന്നായിരുന്നു ഇതിനോട് വിജയരാഘവന് പ്രതികരിച്ചത്. അപകടത്തെ രാഷ്ട്രീയമായി കാണുന്നത് രാഷ്ട്രീയപാപ്പരത്വമാണ്. രാഷ്രീയ മുതലെടുപ്പിന് വേണ്ടി നിലവാരം കുറഞ്ഞ നിലപാടുകള്‍ സ്വീകരിക്കുകയാണെന്നും വിജയരാഘവന് ആരോപിച്ചു.
സംഭവത്തിൽ മുഖ്യപ്രതിയായ വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി നേരത്തെയും പന്നികളെ പിടികൂടാൻ ഇത്തരത്തിൽ കെണി ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പ്രതി വിനീഷ്. ഇത്തരത്തിൽ കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചേർന്നത്. ഇവർക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും ഇല്ലെന്നാണ് വിവരം.
Content Highlights- 'KSEB is blamed for the violation of the law by private individuals'; KSEB provides explanation