

തൃശൂര്‍: തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെത്തിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയ്ക്കായി എത്തിച്ചിരിക്കുന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റ ഷൈന്‍ ടോം ചാക്കോയ്ക്ക് ധര്‍മ്മപുരി ആശുപത്രിയില്‍ ചികിത്സ നല്‍കിയിരുന്നു. ഷൈനിന്റെ മാതാവിനെയും സഹോദരനെയും ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുവരും.
പിതാവ് ചാക്കോയുടെ മൃതദേഹവും ഇന്ന് തൃശൂരിലെത്തിക്കും. തുടർന്ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും.വിദേശത്തുളള മക്കള്‍ എത്തിയശേഷമായിരിക്കും സംസ്‌കാരം സംബന്ധിച്ച തീരുമാനമെടുക്കുക.
ഇന്ന് രാവിലെ 6.10 ന് ധർമ്മപുരി കൊമ്പനഹള്ളിയിൽവെച്ചായിരുന്നു ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. തെറ്റായ ദിശയിൽ വന്ന ലോറിയിലേക്ക് ഇവർ സഞ്ചരിച്ച കാർ ഇടിച്ചുകയറുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഷൈനും കുടുംബവും കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ബെംഗളൂരുവിൽ ഷെെനിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ടായിരുന്നു കുടുംബത്തിന്‍റെ യാത്ര.
അപകടം നടന്നയുടൻ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പിതാവ് ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല. കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നത്. ഷെെൻ ഏറ്റവും പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. മുൻസീറ്റിലായിരുന്നു സഹോദരൻ. ഷെെനിന്‍റെ തോളെല്ലിനാണ് പരിക്കേറ്റത്. അമ്മയുടെയും സഹോദരന്‍റെയും ഡ്രെെവറുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Content Highlights: Actor Shine Tom Chacko arrived at thrissur for better treatment