'പെരുന്നാളിന് വെള്ളിയാഴ്ച കൂടി അവധി നല്‍കണം; ആവശ്യവുമായി ഐഎന്‍എല്ലും

സംസ്ഥാനത്ത് വെള്ളിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു

dot image

കോഴിക്കോട്: ബലിപെരുന്നാളിന് വെള്ളിയാഴ്ചയും അവധി നല്‍കണമെന്ന് എല്‍ഡിഎഫ് ഘടകകക്ഷിയായ ഐഎന്‍എല്ലും. അവധി പുനഃക്രമീകരിച്ചത് വിശ്വാസികളെ ബുദ്ധിമുട്ടിക്കുമെന്നും ഐഎന്‍എല്‍ പറയുന്നു.വെള്ളിയാഴ്ചത്തെ അവധി മാറ്റിയതില്‍ രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷ സംഘടനകള്‍ ശ്രമിക്കുകയാണ്. അതിനാല്‍ വെള്ളിയാഴ്ച കൂടി അവധി നല്‍കണം. അവധി പുനഃക്രമീകരിച്ചത് വിശ്വാസികളെ ബുദ്ധിമുട്ടിക്കുമെന്നും ഐഎന്‍എല്‍ പറഞ്ഞു.

നേരത്തെ പ്രഖ്യാപിച്ച പെരുന്നാള്‍ അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹമാണെന്നും വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പിഎംഎ സലാം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് വെള്ളിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെയാണ് ലീഗ് ആവശ്യം.

ബലിപെരുന്നാള്‍ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ജൂണ്‍ 6ന് (നാളെ) വെള്ളിയാഴ്ച നേരത്തെ അവധി ദിവസമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പെരുന്നാള്‍ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ വെള്ളിയാഴ്ചത്തെ അവധി ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇത് ഏറെ പ്രതിഷേധാര്‍ഹമാണ്. വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. പെരുന്നാള്‍ ശനിയാഴ്ച ആയതിനാല്‍ പ്രത്യേക അവധി നല്‍കേണ്ടിവരുന്നുമില്ല. ഈ സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിക്കപ്പെട്ട പോലെ ജൂണ്‍ ആറിന് വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കിയ നടപടി ഉടനെ പിന്‍വലിക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെടുന്നുവെന്നും പിഎംഎ സലാം പറഞ്ഞു.

ബലിപെരുന്നാളിന് വെള്ളിയാഴ്ച്ച അവധി റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് കെഎസ്‌യു പറഞ്ഞു. പെരുന്നാള്‍ ശനിയാഴ്ച ആണെന്ന ന്യായം പറഞ്ഞാണ് സര്‍ക്കാര്‍ വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം ഇസ്ലാം മത വിശ്വാസികള്‍ക്ക് മാത്രമല്ല സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രസ്തുത തീരുമാനം വെല്ലുവിളിയാണെന്നാണ് കെഎസ്‌യു സംസ്ഥാന അദ്ധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

മാത്രമല്ല സ്‌കൂളുകളും കോളേജുകളും വെള്ളിയാഴ്ച പൊതു അവധി എന്ന നിലയിലാണ് അക്കാഡമിക് കലണ്ടര്‍ അടക്കം ക്രമീകരിച്ചിട്ടുള്ളത്. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയാകും എന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ വിവിധ വിഭാഗങ്ങള്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്തു സര്‍ക്കാര്‍ വെള്ളിയാഴ്ച കൂടി അവധി ദിവസമായി പ്രഖ്യാപിക്കണമെന്ന് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികളുടെ ബക്രീദ് അവധി കവര്‍ന്നത് പ്രതിഷേധാര്‍ഹമെന്ന് അധ്യാപക സംഘടനയായ കെപിഎസ്ടിഎ പ്രതികരിച്ചു. കേരളത്തില്‍ ബക്രീദ് അവധി കലണ്ടര്‍ പ്രകാരം ജൂണ്‍ ആറ് വെള്ളിയാഴ്ചയാണ്. എന്നാല്‍ ഇപ്പോള്‍ വന്ന സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് ബക്രീദ് അവധി വെള്ളിയാഴ്ചയ്ക്ക് പകരം ശനിയാഴ്ചയാക്കി മാറ്റി. ഇതോടെ ശനിയാഴ്ച അവധിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബക്രീദിന് ഒരു ദിവസം പോലും സര്‍ക്കാര്‍ അവധി നല്‍കാത്ത സാഹചര്യമാണെന്നും കെപിഎസ്ടിഎ പറഞ്ഞു.

Content Highlights: 'Friday should be given as a holiday for Eid; INL also demands it

dot image
To advertise here,contact us
dot image