
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിനെ പിന്തുണക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ദേശീയ നേതൃത്വത്തിന്റേതാണ് തീരുമാനം. തൃണമുല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്ലാത്തതിനാലാണ് തീരുമാനം. സ്വതന്ത്രനെ പിന്തുണയ്‌ക്കേണ്ടെന്ന് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിക്കുകയായിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി വി അന്‍വര്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാന പാര്‍ട്ടിയായതിനാലാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അന്‍വര്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചിരുന്നു. അതിനാല്‍ തന്നെ അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് നിലമ്പൂരില്‍ മത്സരിക്കാന്‍ കഴിയുക.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പി വി അന്‍വര്‍ കഴിഞ്ഞ ദിവസമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഒരു കര്‍ഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബര്‍ ടാപ്പിങ്ങ് തൊഴിലാളിയുമായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ അന്‍വറിനൊപ്പം ഉണ്ടായിരുന്നത്. സാധാരണക്കാരുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ചാണ് അന്‍വര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. പ്രകടനമായി നിലമ്പൂര്‍ താലൂക്ക് ഓഫീസിലെത്തിയാണ് അന്‍വര്‍ പത്രിക സമര്‍പ്പിച്ചത്.
Content Highlights: Aam Admi Party will not support P V Anvar in Nilambur By Election