നിലമ്പൂരില്‍ ആത്മവിശ്വാസം ആകാശത്തോളം, ഭയം ലവലേശം ഇല്ല: എം സ്വരാജ്

സര്‍ക്കാര്‍ തുടരണം എന്ന ചിന്ത വലിയൊരു വിഭാഗത്തിനുണ്ടെന്നത് ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നും എം സ്വരാജ്

dot image

മലപ്പുറം: നിലമ്പൂരില്‍ ആത്മവിശ്വാസം ആകാശത്തോളമുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. കഴിഞ്ഞദിവസം ഷൊര്‍ണ്ണൂരില്‍ നിന്നും നിലമ്പൂരിലേക്കുള്ള യാത്രാമധ്യേയും തുടര്‍ന്ന് നിലമ്പൂരിലെത്തിയപ്പോഴും ഇത് വ്യക്തമായിരുന്നുവെന്ന് എം സ്വരാജ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'ആത്മവിശ്വാസം ആകാശത്തോളമുണ്ട്. ഷൊര്‍ണ്ണൂരില്‍ നിന്നും നിലമ്പൂരിലേക്കുള്ള യാത്രയ്ക്ക് വലിയ പ്രചാരണം നല്‍കിയിട്ടുണ്ടായിരുന്നില്ല. പക്ഷെ, പിന്നിട്ട ഓരോ സ്റ്റേഷനിലും ആളുകള്‍ ആശംസ അറിയിക്കാനെത്തി. അത് ആവേശകരമായിരുന്നു. നിലമ്പൂരിലും വലിയ ജനാവലി ഉണ്ടായിരുന്നു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പുറമെയും ആളുകളുണ്ടായിരുന്നു. സര്‍ക്കാര്‍ തുടരണം എന്ന ചിന്ത വലിയൊരു വിഭാഗത്തിനുണ്ടെന്നത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു', എം സ്വരാജ് പറഞ്ഞു.

മത്സരരംഗത്തേക്ക് കടന്നുവരുന്നവരെ സ്വാഗതം ചെയ്യുന്നുവെന്നും സ്വരാജ് പറഞ്ഞു. പി വി അന്‍വര്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകളോടായിരുന്നു പ്രതികരണം. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരൊക്കെ മത്സരിക്കട്ടെ. ഭയം ലവലേശം ഇല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയാണ് താന്‍. പോളിംഗിന് തൊട്ടുമുന്‍പ് ബിജെപിയുടെ വോട്ട് ലഭിക്കുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പറഞ്ഞത്. ഫലം വന്നശേഷം തങ്ങളുടെ 7000ത്തിലധികം വോട്ട് കോണ്‍ഗ്രസിന് കൊടുത്തുവെന്ന് ബിജെപി നേതാവും പറഞ്ഞു. കൊടുത്തവരും വാങ്ങിയവരും അത് വെളിപ്പെടുത്തിയ സാഹചര്യമായിരുന്നുവെന്നും എം സ്വരാജ് പറഞ്ഞു. ജനാധിപത്യത്തിലെ ധാര്‍മ്മികതയെ മാറ്റിവെച്ച്, തെറ്റായ പ്രവണതയാണിത്. താനും അതിന്റെ ഇരയാണ്. 2021 ലെ തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിനോട് പരാജയപ്പെട്ട സാഹചര്യം പരാമര്‍ശിച്ചായിരുന്നു പ്രതികരണം.


നിലമ്പൂരില്‍ അവിശുദ്ധ സഖ്യത്തെ പ്രതിരോധിക്കാന്‍ ജനത്തിന് കഴിയുമെന്നും എം സ്വരാജ് പറഞ്ഞു.

പഴയ പോസ്റ്റുകളിന്മേലുള്ള ചര്‍ച്ചയിലും എം സ്വരാജ് മറുപടി നല്‍കി. നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി അടിസ്ഥാനരഹിതമായകാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ചിലര്‍ അതിനെ സൗകര്യമായി സ്വീകരിക്കും. താന്‍ സ്വീകരിച്ച നിലപാട് പരസ്യമാണ്. അതിനെ വക്രീകരിച്ചാല്‍ ഉത്തരവാദിത്തം തനിക്കില്ല. പറഞ്ഞതെല്ലാം പൂര്‍ണ്ണമായ ബോധ്യത്തില്‍ നിന്നാണ്. പിന്നോട്ടില്ല. നിലപാട് തിരുത്തിയിട്ടില്ലെന്നും എം സ്വരാജ് പറഞ്ഞു.

Content Highlights: M Swaraj Share Confidence in Nilambur By poll

dot image
To advertise here,contact us
dot image