ആശുപത്രിയിൽ പോകാൻ ആംബുലൻസ് കാത്ത് നിൽക്കുന്നതിനിടയിൽ വേദന; യുവതി വീട്ടിൽ കുഞ്ഞിന് ജന്മം നൽകി

ചൊവ്വാഴ്ച്ച രാവിലെ ആശുപത്രിയിലേക്ക് പോകാൻ നിൽക്കുമ്പോൾ വേദന ആരംഭിക്കുകയായിരുന്നു

dot image

തൃശൂർ: ആംബുലൻസ് വരാൻ കാത്ത് നിന്ന യുവതിക്ക് വീട്ടിൽ പ്രസവം. ചൊവ്വാഴ്ച്ച രാവിലെ 7.45 നാണ് അന്തിക്കാട് സ്വദേശിനി വാലപ്പറമ്പിൽ മജീദിൻ്റെയും ആരിഫയുടെയും മകൾ സുമയ്യ (25) പ്രസവിച്ചത്. ഈ മാസം 29 നാണ് ഡോക്ടർ യുവതിക്ക് പ്രസവ തീയതി നൽകിയിരുന്നത്. എന്നാൽ ചൊവ്വാഴ്ച്ച രാവിലെ ആശുപത്രിയിലേക്ക് പോകാൻ നിൽക്കുമ്പോൾ വേദന ആരംഭിക്കുകയായിരുന്നു.

ശുചിമുറിയിൽ പോയശേഷം വേദന അനുഭവപ്പെട്ടതായി യുവതി ഭർത്താവിനോട് പറഞ്ഞിരുന്നു. ആശുപത്രിയിൽ വേഗം പോകാമെന്നും ആംബുലൻസ് വിളിക്കുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ സുമയ്യ പ്രസവിച്ചു. ഉമ്മയാണ് പ്രസവത്തിന് ഒപ്പം നിന്ന് സഹായിച്ചത്. പക്ഷേ പൊക്കിൾകൊടി ബന്ധം വേർപ്പെടുത്താനാവാതെ വന്നതോടെ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ തീരുമാനിക്കുകയായിരുന്നു.

തൃപ്രയാറിൽ നിന്നുള്ള ആംബുലസിൽ ഉണ്ടായിരുന്ന നേഴ്‌സാണ് പൊക്കിൾക്കൊടി മുറിച്ച് അമ്മയെയും കുഞ്ഞിനെയും വേർപ്പെടുത്തിയത്. പിന്നാലെ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി എത്തിച്ചു. പെൺകുഞ്ഞിനാണ് സുമയ്യ ജന്മം നൽകിയത് . അമ്മയും കുഞ്ഞും നിരീക്ഷണത്തിലാണെങ്കിലും നിലവിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സുമയ്യയുടെ രണ്ടാമത്തെ കുഞ്ഞാണിത്. മൂത്ത കുഞ്ഞിന് ഒരു വയസാണ്.

Content Highlights- Woman suffers stomach pain while waiting to go to hospital, gives birth safely at home

dot image
To advertise here,contact us
dot image