'ആറ് മാസം മാത്രമല്ലേ കാലാവധിയുള്ളു'; നിലമ്പൂരിൽ ബിജെപി മത്സരിക്കുമോയെന്ന് വ്യക്തമാക്കാതെ രാജീവ് ചന്ദ്രശേഖർ

സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോയെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

dot image

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്താതെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോര്‍ കമ്മിറ്റി യോഗം ചേരുമെന്നും മുന്നണിയില്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വരാന്‍ പോകുന്ന എംഎല്‍എയ്ക്ക് ആറ് മാസം മാത്രമല്ലേ കാലാവധിയുള്ളുവെന്നും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോയെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഇപ്പോഴത്തെ ഫോക്കസ് പഞ്ചായത്ത് തിരഞ്ഞെടുപ്പാണ്. നിലമ്പൂരില്‍ വികസനം നടന്നിട്ടില്ല. ജനങ്ങള്‍ക്ക് മാറ്റം വേണം. വികസനം വേണം. നാടിനെ മുന്നോട്ട് കൊണ്ടുപോകുകയാണ് ബിജെപിയുടെ ലക്ഷ്യം. രാഷ്ട്രീയം ലക്ഷ്യമല്ല. 9 കൊല്ലം മുഖ്യമന്ത്രിക്ക് അവസരം കൊടുത്തിട്ട് എന്ത് ചെയ്തു. ഇതെല്ലാം ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ട്', അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 60 കൊല്ലമായി രണ്ട് പാര്‍ട്ടികളുടെ രാഷ്ട്രീയം കണ്ട് ജനങ്ങള്‍ക്ക് മടുത്തെന്ന് അദ്ദേഹം പറഞ്ഞു. മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

Rajeev Chandra Sekhar
രാജീവ് ചന്ദ്രശേഖര്‍

ജൂണ്‍ 19 നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് പി വി അന്‍വര്‍ നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഉപതിരഞ്ഞെടുപ്പ് എത്രയും വേഗത്തില്‍ നടത്തണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു അന്‍വറിന്റെ കത്ത്. ഇനിയും വൈകിയാല്‍ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പി വി അന്‍വര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല നേരത്തെ എ പി അനില്‍കുമാറിന് നല്‍കിയിരുന്നു. നിലമ്പൂര്‍ മണ്ഡലത്തില്‍ സിപിഐഎമ്മിന്റെ പ്രവര്‍ത്തനങ്ങളുടെ ചുമതല എം സ്വരാജിനാണ് നല്‍കിയിട്ടുള്ളത്.

Content Highlights: Rajeev Chandrasekhar about Nilambur By Election

dot image
To advertise here,contact us
dot image