'നിലമ്പൂരിൽ അന്‍വർ ഫാക്ടറില്ല'; വികസനങ്ങള്‍ എണ്ണിപ്പറഞ്ഞ് വോട്ട് നേടുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി

വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച വേണമെന്നാണ് നിലമ്പൂരിലെ ഏത് ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് വി പി അനില്‍

dot image

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ ഇംപാക്ട് ഇല്ലെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി വി പി അനില്‍. അന്‍വര്‍ പോകുമ്പോള്‍ പാര്‍ട്ടിയാകെ ഒലിച്ചുപോകുമെന്നായിരുന്നല്ലോ പറഞ്ഞതെന്നും ഒരു പോറൽ പോലും ഏറ്റില്ലെന്നത് കാലം തെളിയിച്ചതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അന്‍വറിന്റെ പാര്‍ട്ടി മാറ്റം തിരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നും നിലമ്പൂരില്‍ അന്‍വര്‍ ഫാക്ടറല്ലെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരില്‍ നൂറ് ശതമാനം വിജയ പ്രതീക്ഷയുണ്ടെന്നും വികസനങ്ങള്‍ എണ്ണിപ്പറഞ്ഞ് വോട്ട് തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇന്നലെ മുഖ്യമന്ത്രി പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. നിലമ്പൂരിൻ്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത വികസനമാണ് നടന്നത്. ഏതാണ്ട് 2000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിലമ്പൂരില്‍ നടന്നു. ഏറ്റവും അവസാനം നിലമ്പൂര്‍ ബൈപ്പാസിന് വേണ്ടി പണം നീക്കി വെച്ചു. പ്രകൃതി ദുരന്തത്തില്‍ അകപ്പെട്ട മുഴുവന്‍ ആളുകളെയും പുനരധിവസിപ്പിച്ചു. അതില്‍ തകര്‍ന്ന പാലങ്ങളുള്‍പ്പെടെ സമയ ബന്ധിതമായി പൂര്‍ത്തീകരിച്ചു. റോഡുകള്‍, പാലങ്ങള്‍, സര്‍ക്കാര്‍ ആശുപത്രി, വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ മുന്നേറ്റമുണ്ടായി', അനില്‍ വ്യക്തമാക്കി.

V P Anil
വി പി അനില്‍

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണോയെന്നും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയാണോയെന്നും പാര്‍ട്ടി തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ആത്മവിശ്വാസമുണ്ട്. നവകേരളം സൃഷ്ടിക്കാനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ജനം അംഗീകരിച്ചു. ആ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച വേണമെന്നാണ് നിലമ്പൂരിലെ ഏത് ജനങ്ങളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍ 19 നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.

Content Highlights: VP Anil about Nilambur By election and P V Anvar

dot image
To advertise here,contact us
dot image