
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അടുത്ത ഏഴുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ (5-15mm/ hour) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.നാളെ 11 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയേക്കാൾ കൂടുതൽ മഴ പ്രതീക്ഷിക്കുന്ന ഈ കാലവർഷത്തിൽ ആദ്യ ദിവസങ്ങളിൽ തന്നെ കനത്ത മഴയാണ് ലഭിക്കുമെന്നാണ് പ്രവചനം. തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഉയർന്ന തിരമാല/കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രതാ നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 25/05/2025 രാവിലെ 08.30 വരെ ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലയിൽ 0.9 മുതൽ 1.4 മീറ്റർ വരെയും; എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ) ജില്ലകളിൽ 25/05/2025 രാത്രി 11.30 വരെ 0.8 മുതൽ 1.7 മീറ്റർ വരെയും; കണ്ണൂർ -കാസറഗോഡ് (കുന്നത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിൽ 25/05/2025 രാത്രി 08.30 വരെ 1.1 മുതൽ 1.9 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്ത് നാളെ (25/05/2025) രാത്രി 08.30 വരെ 2.6 മുതൽ 3.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
Content Highlight: Heavy rains continue in the state; Red alert in five districts, possibility of strong winds