പട്ടാമ്പിയിൽ തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തുവീണു, ഒരു മരണം; താമരശ്ശേരി ചുരത്തിൽ മരം വീണ് ഗതാഗതക്കുരുക്ക്

പാലക്കാട് വിളയൂർ കുപ്പൂത്ത് കൂറ്റൻ ആൽമരം കടപുഴകി വീണു

dot image

പാലക്കാട്: സംസ്ഥാനത്ത് മഴ കനക്കുന്നതോടെ അപകടങ്ങളും കൂടുന്നു. പാലക്കാട് പട്ടാമ്പിയിൽ തെങ്ങ് ദേഹത്ത് വീണ് കൂറ്റനാട് കട്ടിൽമാടം സ്വദേശി മരിച്ചു. ചാലിപ്പുറത്ത് താമസിക്കുന്ന തറയിൽ വാസു (59) ആണ് മരിച്ചത്. തെങ്ങ് മുറിക്കുന്ന ജോലിക്കിടെ ചാവക്കാട് വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. പാലക്കാട് വിളയൂർ കുപ്പൂത്ത് കൂറ്റൻ ആൽമരം കടപുഴകി വീണു. 150-ലേറെ വർഷത്തെ പഴക്കമുള്ള ആൽമരമാണ് വീണത്. വൈകിട്ടുണ്ടായ കനത്ത മഴയിലാണ് കടപുഴകിയത്. പ്രദേശത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.

കനത്ത മഴയിൽ പിരായിരി മോഴിപുലത്തെ വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസ് തകർന്നുവീണു. പുതുക്കിപ്പണിയുന്നതുവരെ പിരായിരി പഞ്ചായത്തിലെ ഏഴാം വാർഡിൽ ജലവിതരണം മുടങ്ങും. പമ്പ് ഹൗസ് പുതുക്കിപ്പണിയാനുള്ള നടപടികൾ ജല അതോറിറ്റി ആരംഭിച്ചെന്ന് വാട്ടർ അതോറിറ്റി വ്യക്തമാക്കി.

താമരശ്ശേരി ചുരത്തിൽ മരം കടപുഴകി വീണതോടെ ഗതാഗതക്കുരുക്കുണ്ടായി. ചുരം ഒൻപതാം വളവിന് സമീപമാണ് മരം വീണത്. മണിക്കൂറുകളോളമായി നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. അഗ്നിശമന സേനയെത്തി മരം മുറിച്ചുമാറ്റി. എറണാകുളം കരിമുകൾ ഇൻഫോ പാർക്ക് റോഡിൽ കിൻഫ്രയുടെ മതിലിടിഞ്ഞ് അപകടമുണ്ടായി. ഓട്ടോ, ബൈക്ക് യാത്രികർക്ക് പരിക്കേറ്റു.

Content Highlights: Accidents increase as rains intensify in kerala

dot image
To advertise here,contact us
dot image