ഇനി പുഞ്ചിരിമുറ്റത്തേക്ക് ; മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ താക്കോല്‍ കൈമാറ്റം നാളെ

ടൗൺഷിപ്പ് ഉദ്ഘാടനത്തിലേക്ക് ജനങ്ങളെ ഹൃദയപൂർവ്വം ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഇനി പുഞ്ചിരിമുറ്റത്തേക്ക് ; മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ താക്കോല്‍ കൈമാറ്റം നാളെ
dot image

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള സംസ്ഥാന സർക്കാരിന്റെ വയനാട് ടൗൺഷിപ്പ് യാഥാർഥ്യത്തിലേക്ക്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിലെ 178 വീടുകളുടെ കൈമാറ്റം നാളെ നടക്കും. ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും നാളെ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിക്കുന്നത്.

ടൗൺഷിപ്പ് ഉദ്ഘാടനത്തിലേക്ക് ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ ഹൃദയപൂർവ്വം ക്ഷണിച്ചു.

കേരള ജനതയുടെ ഐക്യത്തിലും ഇച്ഛാശക്തിയിലും ഊന്നിക്കൊണ്ട് ദുരന്തബാധിത പ്രദേശത്തിന്റെ പുനർനിർമ്മാണം ലോകോത്തര നിലവാരത്തിൽ പൂർത്തിയാക്കുമെന്ന് അന്ന് എൽഡിഎഫ് സർക്കാർ ഉറപ്പുനൽകിയിരുന്നു. ആ ഉറപ്പ് യാഥാർത്ഥ്യമാവുന്ന ആവേശകരമായ മുഹൂർത്തമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാർച്ച് ഒന്ന് രാവിലെ 11ന് നടക്കുന്ന ചടങ്ങിലേക്കാണ് മുഖ്യമന്ത്രി എല്ലാവരെയും ക്ഷണിച്ചത്.

ദുരന്തത്തിൽ വീട് പൂർണമായി നഷ്ടപ്പെട്ട 178 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീട് നൽകുന്നത്. 44.33 കോടി രൂപ കോടതിയിൽ കെട്ടിവച്ച് 2025 ഏപ്രിൽ 11 ന് സർക്കാർ ഏറ്റെടുത്ത കൽപറ്റ ഏൽസ്റ്റൺ എസ്റ്റേറ്റിലെ 64.4075 ഹെക്ടർ ഭൂമിയിൽ പ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ 410 വീടുകളാണ് നിർമിക്കുന്നത്. 402 കുടുംബാംഗങ്ങളിലെ 1662 പേരാണ് താമസിക്കുക.

ടൗൺഷിപ്പിൽ ടെക്‌നിക്കൽ പ്രൊജക്ട് ഹെഡ് എൻജിനീയർ, ടെക്‌നിക്കൽ മാനേജർ, നാല് പ്രൊജക്ട് എൻജിനീയർമാർ, ഒരു ക്വാളിറ്റി സർവേയർ, പ്രതികൂല കാലാവസ്ഥ അതിജീവിച്ച് ഒരു ഡോക്യുമെന്റ് കൺട്രോളർ, ഒൻപത് അസിസ്റ്റന്റ് പ്രൊജക്ട് എൻജിനീയർമാർ എന്നിവരുടെ നേതൃത്വത്തിൽ ദിവസേന 1500- ലധികം തൊഴിലാളികളാണ് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നത്. ടൗൺഷിപ്പിലെ വീട് നിർമിക്കുന്നതിന് 299 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.

2024 ജൂലൈ 30നാണ് നാടിനെയാകെ നടുക്കിയ മുണ്ടക്കൈ-ചൂരൽമല പ്രദേശത്തുണ്ടായ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടാകുന്നത്. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ ഒരു നാട് തന്നെ മണ്ണിനടിയിലായ വാർത്തയാണ് നാം കേട്ടത്. ആ മഹാദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കാൻ ഈ നാട് ഒന്നടങ്കം രംഗത്തു വന്നതോടെയാണ് ദുരന്തത്തിന്റെ ആദ്യ നാളുകളെ നാം അതിജീവിച്ചത്.

Content Highlight : The inauguration of 178 houses built under the government’s township project for survivors of the Mundakkai–Chooralmala disaster will be held tomorrow

dot image
To advertise here,contact us
dot image