
മലപ്പുറം: കരുവാരക്കുണ്ടില്‍ വീണ്ടും കടുവയെ കണ്ടതായി റിപ്പോര്‍ട്ട്. വനംവകുപ്പിന്റെ കെണിയും ക്യാമറകളും ഡ്രോണും വെട്ടിച്ച് കടുവ ജനവാസ കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുകയാണ്. ഇന്ന് ഉച്ചയോടെ കരുവാരക്കുണ്ട് കുണ്ടോടയിലാണ് കടുവയെ കണ്ടത്.
ചൂളിക്കുന്ന് എസ്‌റ്റേറ്റിലെ തൊഴിലാളി തച്ചമ്പറ്റ മുഹമ്മദ് കടുവയുടെ മുന്നില്‍പ്പെടുകയായിരുന്നു. എസ്റ്റേറ്റിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ റോഡിന് ഏതാനും മീറ്റര്‍ അകലെ കൊക്കോ തോട്ടത്തിലാണ് മുഹമ്മദ് കടുവയെ കണ്ടത്. കടുവ മതില്‍ ചാടിക്കടന്ന് പോയി. കടുവയെ കണ്ട് ഭയന്ന മുഹമ്മദ് റാട്ടപ്പുരയിലേക്ക് തിരിഞ്ഞോടി. സുഹൃത്തിനെ ഫോണില്‍ വിളിച്ച് വരുത്തി വാഹനത്തിലാണ് മുഹമ്മദ് തോട്ടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
വിവരമറിഞ്ഞയുടന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി എസ്‌റ്റേറ്റില്‍ പരിശോധന നടത്തി. ബുധനാഴ്ച്ച പാന്ത്ര മദാരി എസ്റ്റേറ്റിലും വ്യാഴാഴ്ച്ച സുല്‍ത്താന എസ്റ്റേറ്റിലും കടുവയെ കണ്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ മേഖല മുഴുവന്‍ തിരഞ്ഞിട്ടും വനംവകുപ്പിന് കടുവയെ കണ്ടെത്താനായില്ല.
തുടര്‍ന്ന് മദാരിക്കുണ്ട്, കുനിയന്‍മാട് എന്നിവിടങ്ങളില്‍ കൂട് സ്ഥാപിച്ചിരുന്നു. ഈ ഭാഗങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തുകയും ചെയ്തു. അതിനു പിന്നാലെയാണ് കിലോമീറ്ററുകള്‍ക്കപ്പുറം കുണ്ടോടയില്‍ കടുവയെ കണ്ടത്. സ്ഥിരമായി വാഹന ഗതാഗതമുളളതും ജനങ്ങള്‍ തിങ്ങിത്താമസിക്കുന്നതുമായ തരിശ്-കക്കറ റോഡിന് സമീപമാണ് ഇപ്പോള്‍ കടുവ എത്തിയിരിക്കുന്നത്.
Content Highlights: Tiger in cocoa plantation in Karuvarakundu; Estate worker barely escapes