
തിരുവനന്തപുരം: തലസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ അടുത്ത മൂന്ന് മണിക്കൂർ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കനത്ത മഴയിൽ തലസ്ഥാനത്ത് നാശനഷ്ടമുണ്ടായി. സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട് നടന്ന എന്റെ കേരളം പ്രദർശന മേളയ്ക്ക് സ്ഥാപിച്ച സ്റ്റാളുകൾ തകർന്നുവീണു. കനകക്കുന്നിലാണ് സംഭവം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപം മരം കടപുഴകി റോഡിലേക്ക് വീണു. ഇതേത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
ഫോർട്ട് താലൂക്ക് ആശുപത്രിയിലെ വൻമരം ഒടിഞ്ഞുവീണു. ഫാർമസിയുടെ സ്റ്റോർ റൂമിലേക്കാണ് മരം വീണത്.
നല്ല തിരക്കുള്ള സമയത്താണ് മരം വീണത്. ആളപായമില്ലെന്നത് ആശ്വാസകരമാണ്.
അതേസമയം, മഴ മുന്നറിയിപ്പിലും മാറ്റമുണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. രണ്ട് ജില്ലകളിൽ നളെ റെഡ് അലേർട്ടാണ്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട്. ഒമ്പത് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലത്തും പരക്കെ മഴ തുടരുകയാണ്. ശക്തമായ കാറ്റിലും മഴയിലും പലയിടത്തും നാശനഷ്ടമുണ്ടായി. കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ പാർക്കിംഗ് ഗ്രൗണ്ടിലെ പന്തൽ പൊളിഞ്ഞുവീണു. മൂന്ന് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ക്ഷേത്രോത്സവത്തിന് സ്ഥാപിച്ചിരുന്ന പന്തലാണ് തകർന്ന് വീണത്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു.
Content Highlights: Red alert declared for next three hours in tvm