
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിലെ പ്രതിയും സീനിയർ അഭിഭാഷകനുമായ ബെയ്ലിൻ ദാസ് പൊലീസ് പിടിയിൽ. തുമ്പയിൽ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ബെയ്ലിൻ പൊലീസിന്റെ പിടിയിലാകുന്നത്. കാറിൽ സഞ്ചരിക്കുന്നതിനിടെ ബെയ്‌ലിൻ ദാസിനെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അഭിഭാഷകയെ മർദ്ദിച്ച ശേഷം പ്രതി ഒളിവിലായിരുന്നു. ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷനില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പാറശാല സ്വദേശിയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ ബെയ്‌ലിന്‍ ദാസ് മര്‍ദിച്ചത്. മോപ്പ് സ്റ്റിക് കൊണ്ടായിരുന്നു മര്‍ദനം. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിംഗിലെ ഓഫീസില്‍വെച്ചാണ് അഭിഭാഷകന്‍ ശ്യാമിലിയെ മർദിച്ചത്.
ശ്യാമിലിയും അഭിഭാഷകനും തമ്മില്‍ രാവിലെ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മര്‍ദനമുണ്ടായതെന്നും കണ്ടുനിന്നവര്‍ ആരും എതിര്‍ത്തില്ലെന്നും ശ്യാമിലി ആരോപിച്ചിരുന്നു. അഭിഭാഷകനില്‍ നിന്നും ഇതിനു മുന്‍പും മര്‍ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് പരാതിക്കാരിയായ അഭിഭാഷക പറഞ്ഞു. കാരണം പറയാതെ ജൂനിയര്‍ അഭിഭാഷകരെ ജോലിയില്‍ നിന്ന് പറഞ്ഞുവിടുന്നത് പതിവായിരുന്നെന്ന് ശ്യാമിലിയുടെ ഭര്‍ത്താവും ആരോപിച്ചിരുന്നു.
ശ്യാമിലി ജോലിക്ക് കയറിയതിനു ശേഷം മാത്രം എട്ടുപേരെ പുറത്താക്കി. കഴിഞ്ഞ ദിവസം ശ്യാമിലിയെ വിളിച്ച് ജോലിക്ക് വരേണ്ട എന്ന് അറിയിച്ചു. കാരണം തിരക്കിയ ശ്യാമിലിയോട് അത് നീ അറിയേണ്ട കാര്യമില്ലെന്നാണ് സീനിയര്‍ അഭിഭാഷകന്‍ പറഞ്ഞത്. തുടര്‍ന്നായിരുന്നു മര്‍ദിച്ചത്.
content highlights : Bailin Das, the accused who brutally assaulted a young lawyer, has been arrested.