ലെഫ്റ്റനന്റ് അൽ റീം, വയസ് 27, ജോലി ദുബായ് പോലീസിലെ ആദ്യത്തെ വനിതാ ബോംബ് സ്‌ക്വാഡ് വിദഗ്ധ

ഷാർജ സർവകലാശാലയിൽ നിന്ന് ബയോടെക്‌നോളജിയിൽ ബിരുദം നേടിയ ശേഷം യുകെയിലെ ക്രാൻഫീൽഡ് സർവകലാശാലയിൽ നിന്ന് എക്സ്പ്ലോസീവ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടിയാണ് അൽ റീം സേനയിൽ ചേരുന്നത്

dot image

ദുബായിൽ നടക്കുന്ന ലോക പൊലീസ് ഉച്ചക്കോടിയിൽ തിളങ്ങിയത് ലെഫ്റ്റനന്റ് അൽ റീം എന്ന വനിത പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. ദുബായ് പൊലീസിലെ തന്നെ ആദ്യത്തെ വനിതാ ബോംബ് സ്‌ക്വാഡ് വിദഗ്ധയാണ് ഫസ്റ്റ് ലെഫ്റ്റനന്റ് എഞ്ചിനീയർ അൽ റീം അബ്ദുൾ റഹ്‌മാൻ അബ്ദുള്ള. വെറും 27 വയസ് മാത്രമാണ് ലെഫ്റ്റനന്റ് അൽ റീമിന്റെ പ്രായം. നിലവിൽ ദുബായ് പൊലീസിൽ ബോംബ് നിർവീര്യമാക്കുന്ന വിദഗ്ധയായിട്ടാണ് ജോലി ചെയ്യുന്നത്.

2025-ലെ ലോക പോലീസ് ഉച്ചകോടിയിൽ പ്രത്യേക പ്രഭാഷകയായിരുന്ന അവർ. ഷാർജ സർവകലാശാലയിൽ നിന്ന് ബയോടെക്‌നോളജിയിൽ ബിരുദം നേടിയ ശേഷം യുകെയിലെ ക്രാൻഫീൽഡ് സർവകലാശാലയിൽ നിന്ന് എക്സ്പ്ലോസീവ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടിയാണ് അൽ റീം സേനയിൽ ചേരുന്നതെന്ന് ദ ഗൾഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. '2019-ൽ ഞാൻ ഈ മേഖലയിൽ ചേർന്നപ്പോൾ, വളരെ കുറച്ച് സ്ത്രീകൾ മാത്രം കടന്നുവന്നിട്ടുള്ള ഒരു ലോകത്തിലേക്ക് ഞാൻ കാലെടുത്തുവയ്ക്കുകയാണെന്ന് എനിക്കറിയാമായിരുന്നു,' എന്നായിരുന്നു ദ ഗൾഫ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അവർ പറഞ്ഞത്.

'ദുബായ് പോലീസ് എപ്പോഴും സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ വിശ്വസിച്ചിരുന്നു. ആ വിശ്വാസത്തെ ഞാൻ ഗൗരവമായി എടുത്തു,' എന്നും ലെഫ്റ്റന്റ് അൽ റീം പറഞ്ഞു. 'സ്‌ഫോടകവസ്തുക്കൾ മനുഷ്യജീവിതത്തെ മാത്രമല്ല, മുഴുവൻ ആവാസവ്യവസ്ഥയെയും ബാധിക്കുന്നു. പരിസ്ഥിതി ദോഷം കുറയ്ക്കുന്ന രീതിയിൽ ഈ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലാണ് എന്റെ ഗവേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,' എന്നും അവർ പറഞ്ഞു.

എക്സ്പ്ലോസീവ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടുന്ന ആദ്യത്തെ എമിറാത്തി വനിത കൂടിയാണ് ലെഫ്റ്റനന്റ് അൽ റീം. നിലവിൽ നിരവധി സ്ത്രീകളെ ദുബായ് പൊലീസിൽ ബോംബ് നിർവീര്യമാക്കുന്നതിനും സുരക്ഷാ പരിശോധനകൾക്കുമായി അൽ റീമിന്റെ നേതൃത്വത്തിൽ സജ്ജരാക്കുന്നുണ്ട്.

ദുബായ് പൊലീസിൽ നിന്ന് അന്താരാഷ്ട്ര സ്‌ഫോടകവസ്തു സമ്മേളനത്തിൽ പങ്കെടുക്കുന്ന ആദ്യ വനിതാ പ്രതിനിധിയും വിശിഷ്ട യുവ ജീവനക്കാരി വിഭാഗത്തിൽ എമിറേറ്റ്‌സ് വനിതാ അവാർഡ് ജേതാവും കുടിയാണ് ലെഫ്റ്റനന്റ് അൽ റീം.

Content Highlights: Lieutenant Al Reem, first female bomb squad expert in Dubai Police

dot image
To advertise here,contact us
dot image