
മലപ്പുറം: മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയില്‍ വനിതകളെ ഉള്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി ജയന്തി രാജനെയും ഫാത്തിമ മുസഫറിനെയും തെരഞ്ഞെടുത്തത് പാര്‍ട്ടിയുടെ സ്ത്രീ-ദളിത് മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന തീരുമാനമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ത്രീ, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും മുസ്‌ലിം ലീഗിന്റെ സുപ്രധാന അജണ്ടകളില്‍ ഒന്നായിരുന്നെന്നും മാതൃ സംഘടനയ്‌ക്കൊപ്പം പോഷക ഘടകങ്ങളിലും ഇത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് അതിന്റെ ആശയങ്ങളില്‍ വെളളം ചേര്‍ക്കാതെ തന്നെ കാലാനുസൃതമായ അജണ്ടകള്‍ രൂപപ്പെടുത്തിയും പ്രയോഗവത്കരിച്ചും തന്നെയാണ് മുന്നോട്ടുപോയിട്ടുളളതെന്നും അതിന്റെ ഭാഗം തന്നെയാണ് സ്ത്രീ പങ്കാളിത്തം സംബന്ധിച്ച പുതിയ തീരുമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞതിങ്ങനെ
ജയന്തി രാജനും, ഫാത്തിമ മുസഫറും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പാർട്ടിയുടെ ദേശീയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് പാർട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്ന തീരുമാനമാണ്.
സ്ത്രീ, പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും മുസ്ലീം ലീഗ് പാർട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണ്. പാർട്ടി ഘടകങ്ങളിൽ കൂടുതലായി സ്ത്രീ പ്രാതിനിധ്യം ഉറപ്പ് വരുത്തി സംഘടനരംഗത്ത് നേതൃ പരമായ പങ്ക് വഹിക്കാൻ അവസരമൊരുക്കുക എന്നത് പാർട്ടിയുടെ പ്രഖ്യാപിത അജണ്ടയിൽപെട്ടതാണ്. മാതൃ സംഘടനക്കൊപ്പം പോഷക ഘടകങ്ങളിലും ഇത് നടപ്പായിക്കൊണ്ടിരിക്കുകയാണ്. മുസ്ലീം ലീഗ് പാർട്ടി അതിന്റെ ആശയ ആദർശങ്ങളൽ വെള്ളം ചേർക്കാതെ തന്നെ കാലാനുസൃതമായ അജണ്ടകൾ രൂപപ്പെടുത്തിയും പ്രയോഗവൽകരിച്ചും തന്നെയാണ് മുന്നോട്ട് പോയിട്ടുള്ളത്. അതിന്റെ ഭാഗം തന്നെയാണ് സ്ത്രീ പങ്കാളിത്തം സംബന്ധിച്ച പുതിയ തീരുമാനങ്ങളും.
സ്ത്രീ സമൂഹത്തിന്റെ പ്രാതിനിധ്യം വഹിക്കാൻ ശേഷിയുള്ള രണ്ട് പ്രഗൽഭരെ തന്നെയാണ് കൗൺസിൽ യോഗം തിരഞ്ഞെടുത്തിരിക്കുന്നത്. ജയന്തി രാജൻ പിന്നോക്ക വിഭാഗത്തിൽ നിന്ന് കർമ്മ ശേഷി കൊണ്ടും, ആത്മ സമർപ്പണം കൊണ്ടും പൊതുരംഗത്തേക്ക് ഉയർന്നു വന്ന വനിത നേതാവാണ്. പാർട്ടി വേദികളിൽ കഴിഞ്ഞ കുറെ കാലമായി പ്രഭാഷകയായും, സ്ഥിരം സാന്നിദ്ധ്യമായും നിറഞ്ഞു നിൽക്കുന്ന അവർ പാർലമെന്ററി രംഗത്തും ശോഭിച്ചിട്ടുണ്ട്. ഫാത്തിമ മുസഫറും പ്രാഗല്ഭ്യവും നേതൃശേഷിയും, കർമ്മ പാരമ്പര്യവുമുള്ള വ്യക്തിത്വമാണ്. രാജ്യത്തെ ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തിൽ ശ്രദ്ധേയമായ വനിത മുഖമാണ്.
പാർട്ടി നൽകിയ അംഗീകാരത്തെയും , അവസരത്തെയും ഉപയോഗപ്പെടുത്തി പാർട്ടിയുടെ പുതിയ അജണ്ടകളിൽ സൃഷ്ടിപരമായ പങ്കാളിത്തം വഹിക്കാൻ അവർക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
Content Highlights: