നിപ: പേടിക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണാ ജോർജ്; കോണ്ടാക്റ്റ് ഉള്ളവർ ഐസലേഷൻ പാലിക്കണമെന്ന് നിർദേശം

വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ മൂന്ന് കിലോമീറ്റർ കണ്ടെയ്ന്‍മെന്റ് സോണാക്കും

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളാഞ്ചേരി സ്വദേശിനിയായ 42കാരിക്ക് ആണ് നിപ സ്ഥിരീകരിച്ചതെന്നും യുവതി പെരിന്തല്‍മണ്ണ ആശുപത്രിയില്‍ വെന്റിലേറ്ററിലാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. യുവതിക്ക് മോണോക്‌ളോണല്‍ ആന്റി ബോഡി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വളാഞ്ചേരി മുന്‍സിപ്പാലിറ്റിയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണാക്കുമെന്നും മന്ത്രി പറഞ്ഞു.

'വളാഞ്ചേരി മുന്‍സിപ്പാലിറ്റി രണ്ടാം വാര്‍ഡിലാണ് രോഗിയുള്ളത്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കും. മാറാക്കര, എടയൂര്‍ പഞ്ചായത്ത് പരിധിയിലെ ചില പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ്‌റ് സോണില്‍ ഉള്‍പ്പെടും. കണ്ടെയ്ന്‍മെന്റ് സോണാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കളക്ടര്‍ പുറത്തിറക്കും. കോണ്ടാക്റ്റ് ഉള്ളവര്‍ ഐസലേഷന്‍ പാലിക്കണം', മന്ത്രി വിശദീകരിച്ചു.

പേടിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ വകുപ്പ് പരിശോധനയില്‍ മറ്റ് അസ്വാഭാവിക മരണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്നും രോഗികളെ കാണാന്‍ വേണ്ടി ആരും ആശുപത്രിയില്‍ പോകരുതെന്നും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

എന്റെ കേരളം ജില്ലാ മേളയില്‍ എത്തുന്നവര്‍ മാസ്‌ക് ധരിക്കണമെന്നും സാനിറ്റെയിസര്‍ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. രോഗി അടുത്തിടപഴകിയ രണ്ട് പേര്‍ക്ക് പനിയുണ്ടായിരുന്നുവെന്നും അവരുടെ സാമ്പിളുകള്‍ പരിശോധിച്ചെന്നും നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. രണ്ട് ഹെല്‍പ് ലൈന്‍ നമ്പറുകളും ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്. 0483 2736320, 0483 2736326 എന്നിവയാണ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍.

Content Highlights: Health minister Veena George about Nipah

dot image
To advertise here,contact us
dot image