
കാടിന്റെ കാഴ്ചകള്‍ ആസ്വദിച്ച്…മനോഹരമായ പ്രകൃതി ദൃശ്യങ്ങളില്‍ സ്വയം മറന്ന്… ശരീരവും മനസും തണുപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ അരുവി വെള്ളച്ചാട്ടവും അതിന്റെ പരിസര പ്രദേശങ്ങളും കാണാന്‍ പോകാം.
തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് അരുവി വെളളച്ചാട്ടം. പേപ്പാറ ഫോറസ്റ്റ് റേഞ്ചിലെ കൊടും വനത്തിലാണ് അരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. നാലടി ഉയരത്തില്‍നിന്ന് കണ്ണാടിപോലെ തെളിഞ്ഞ വെള്ളം താഴേക്ക് പതിക്കുന്ന കാഴ്ച അത്യപൂര്‍വ്വമായ കാഴ്ചാനുഭവമാണ് നല്‍കുന്നത്.
നല്ല തണുത്തവെളളം നിങ്ങളുടെ ശരീരവും മനസും കുളിര്‍പ്പിക്കും. വെളളച്ചാട്ടം കുന്നുകള്‍ക്കും ഇടതൂര്‍ന്ന വനങ്ങള്‍ക്കും ഇടയിലായതുകൊണ്ട് അതിമനോഹരമായ ദൃശ്യവിരുന്നാണ് ഒരുക്കുന്നത്. ട്രക്കിംഗ് നടത്താന്‍ പറ്റിയ ഇടംകൂടിയാണിത്.
തിരുവനന്തപുരത്ത് ബോണക്കാട് എസ്‌റ്റേറ്റിന് സമീപം സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടമാണ് അരുവി. വെളളച്ചാട്ടങ്ങളിലേക്കുളള ഏറ്റവും അടുത്തുള്ള റോഡ് പോയിന്റ് ബോണക്കാട് എസ്‌റ്റേറ്റ് ആണ്. ബോണക്കാട് നിന്ന് 7 കിലോ മീറ്റര്‍ ട്രെക്കിംഗ് നടത്തിയാല്‍ വെള്ളച്ചാട്ടത്തിലെത്താം. തിരുവനന്തപുരത്തുനിന്ന് കുറച്ച് ബസുകള്‍ മാത്രമേ ഇവിടേക്ക് എത്തുകയുള്ളൂ. സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ ഇവിടേക്ക് എത്താനാകും.
വന മേഖലയിലൂടെയാണ് അരുവി വെളളച്ചാട്ടത്തിലേക്ക് എത്താനാവുക. ഇവിടെ എത്തണമെങ്കില്‍ വനംവകുപ്പിന്റെ പ്രത്യേക അനുമതി വേണം. കാടിനേയും വെള്ളച്ചാട്ടത്തേയും അടുത്തറിയുന്ന ആദിവാസികളാണ് ഇവിടേക്കുള്ള വഴികാട്ടുന്നത്. ഇവിടെ എത്തിച്ചേരാന്‍ നല്ല ശാരീരിക ക്ഷമത ആവശ്യമാണ്. വനത്തില്‍ പ്രവേശിക്കാന്‍ നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍നിന്ന് മുന്‍കൂര്‍ ഫോറസ്റ്റ് പാസ് ആവശ്യമാണ്.
Content Highlights :Aruvi Waterfalls in Thiruvananthapuram district is a waterfall in Kerala that is unknown to most people and offers breathtaking views