
തിരുവനന്തപുരം: ഇന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കേരളത്തിലെ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനെയും വര്‍ക്കിംഗ് പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചിരിക്കുകയാണ്. സണ്ണി ജോസഫ് കെപിസിസി അദ്ധ്യക്ഷനായപ്പോള്‍ പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റായും തിരഞ്ഞെടുത്തിരിക്കുകയാണ്.
പി സി വിഷ്ണുനാഥും ഷാഫി പറമ്പിലും വര്‍ക്കിംഗ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തപ്പോള്‍ കോണ്‍ഗ്രസിനകത്തൊരു തലമുറമാറ്റം കൂടിയാണ് നടക്കുന്നത്. കോണ്‍ഗ്രസിന്റെ ജനകീയ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി കണ്ടെടുത്ത് വളര്‍ത്തിയെടുത്ത നേതാക്കളാണ് ഇരുവരും എന്ന പ്രത്യേകതയും ഇരുവര്‍ക്കും ഉണ്ട്.
പി സി വിഷ്ണുനാഥ് കെഎസ്‌യു പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഹൈബി ഈഡന്‍ പ്രസിഡന്റായി. അതിന് ശേഷം പ്രസിഡന്റായി ഷാഫി പറമ്പില്‍ എത്തി. അതേ പോലെ തന്നെ വിഷ്ണുനാഥ് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞപ്പോള്‍ ഡീന്‍ കുര്യാക്കോസ് അദ്ധ്യക്ഷനായി. ശേഷം ഷാഫിയെത്തി. ഈ സ്ഥാനങ്ങളിലേക്കെല്ലാം ഇരുവരും എത്തിയത് ഉമ്മന്‍ ചാണ്ടിയുടെ ആശിര്‍വാദത്തോടെയായിരുന്നു. ഇരുവരുടെയും രാഷ്ട്രീയ ജീവിതത്തില്‍ എല്ലായ്‌പ്പോഴും ഉമ്മന്‍ ചാണ്ടി ശൈലി കാണാമായിരുന്നു. ഓരോ ഘട്ടങ്ങളിലും ഇരുവരും ഉമ്മന്‍ ചാണ്ടിയെ സ്മരിക്കാറും ഉണ്ട്.
ഷാഫി ഓരോ നേതൃപദവിയിലിരിക്കുമ്പോഴും 'വിഷ്ണുചേട്ടന്‍' എന്ന് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിൡക്കുന്ന വിഷ്ണുനാഥ് ഉപദേശവും സഹായവുമായി ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഒരേ പദവിയിലേക്ക് ഒപ്പമെത്തുന്നത് ഇതാദ്യമായാണ്. ഉമ്മന്‍ ചാണ്ടിക്ക് ശേഷം കേരളത്തിലെ കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രിയുണ്ടാവാന്‍ ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതുന്നത്. ഈ ഉമ്മന്‍ ചാണ്ടി ശിഷ്യര്‍ക്ക് അതിന് കഴിയുമോ എന്ന് കാലമാണ് പറയേണ്ടത്.
Content Highlights: Oommen Chandy's disciples rise to leadership position together