
കൊല്ലം: ആഡംബര ഹോട്ടലിൽ സ്ത്രീകളെ ഉൾപ്പെടെയുള്ളവരെ അസഭ്യം വിളിച്ചതിന് കസ്റ്റഡിയിലെടുത്ത നടൻ വിനായകനെ പൊലീസ് കേസെടുത്ത ശേഷം വിട്ടയച്ചു. അഞ്ചാലുംമൂട് പൊലീസ് ആണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. ആദ്യം സ്റ്റേഷനിൽ നിന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരെയും വിനായകൻ ചീത്ത വിളിച്ചു. നാലുമണിക്കൂർ കസ്റ്റഡിയിൽ വച്ച ശേഷം ഒടുവിൽ പൊലീസ് വിട്ടയക്കുകയായിരുന്നു.
സിനിമാ ചിത്രീകരണത്തിന്റെ ആവശ്യത്തിനായിരുന്നു വിനായകൻ കൊല്ലത്ത് എത്തിയത്. ഷൂട്ടിംഗ് പൂർത്തിയാക്കി വിശ്രമിക്കുന്നതിനിടെ, വിനായകന്റെ മാനേജർ മദ്യപിച്ച് ബഹളം വച്ചു. ഇത് ചോദിക്കാനാണ് നടൻ വിനായകൻ ഇടപെട്ടത്. തുടർന്ന് ഹോട്ടൽ ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇതിനിടെ ഹോട്ടലിൽ എത്തിയ സ്ത്രീകളും കുട്ടികളും കേൾക്കേ അസഭ്യവും വിളിച്ചു. ഹോട്ടലുകാർ വിവരമറിയിച്ചതിന് തുടർന്ന് പൊലീസ് എത്തി വിനായകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്റ്റേഷനിലെത്തിയ വിനായകൻ പൊലീസുകാരെയും ചീത്ത വിളിച്ചു. പുറത്തേക്കിറങ്ങി പോകാൻ ബഹളം വച്ചപ്പോൾ പൊലീസ് സ്റ്റേഷന്റെ വാതിൽ മുന്നിൽ നിന്ന് പൂട്ടി. ഇതിനിടെ വിനായകന്റെ മാനേജർ ദൃശ്യങ്ങൾ പകർത്തരുത് എന്ന് പറഞ്ഞതും തർക്കത്തിനിടയാക്കി. ഒടുവിൽ പൊലീസ് വിട്ടയച്ച വിനായകൻ, പോകുന്നില്ല എന്ന് പറഞ്ഞ് സറ്റേഷനിൽ ബഹളം വച്ചു. നാലു മണിക്കൂർ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വെച്ച വിനായകനെ, വൈകിട്ടോടെ വിട്ടയച്ചു. പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കിയതിന് വിനായകനെതിരെ അഞ്ചാലമൂട് പൊലീസ് കേസെടുക്കുകയും ചെയ്തു.
Content Highlights- Argument at a luxury hotel; Actor Vinayakan was released after a case was filed, but later the actor refused to leave the station