
തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനറായ വിവരമറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന് അടൂര്‍ പ്രകാശ്. പതിവ് പരിപാടികള്‍ കഴിഞ്ഞാണ് വീട്ടിലേക്ക് എത്തിയതെന്നും മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചപ്പോഴാണ് വാര്‍ത്തകള്‍ അറിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്ക് പുതിയ പ്രവര്‍ത്തനരീതി അത്യാവശ്യമാണെന്നും മാധ്യമങ്ങളുടെ സഹായവും നിര്‍ദ്ദേശങ്ങളും തനിക്ക് വേണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
'ഇത് തിരഞ്ഞെടുപ്പ് വര്‍ഷമാണ്. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തും. യുഡിഎഫ് ചെയര്‍മാന്‍, പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷന്‍ എല്ലാവരുമായി കൂട്ടിയോജിച്ച് പ്രവര്‍ത്തിക്കും. ഘടകകക്ഷികളെ ഒന്നിച്ചുനിര്‍ത്തി അവരെ വിശ്വാസത്തില്‍ എടുത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തും', അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.
2026ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാറിന്റെ വൈകല്യങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രചരണം നടത്തും. എല്ലാവരെയും വിശ്വാസത്തില്‍ എടുത്തു മാത്രമേ പ്രവര്‍ത്തിക്കൂവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
നിലവിലെ യുഡിഎഫ് കണ്‍വീനറായ എം എം ഹസ്സനെ ഒഴിവാക്കിയാണ് അടൂര്‍ പ്രകാശിനെ കണ്‍വീനറായി നിയമിച്ചത്. വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി എന്‍ പ്രതാപന്‍, ടി സിദ്ധീഖ് എന്നിവരെയും പദവിയില്‍ നിന്നൊഴിവാക്കി. പകരം പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചു.
കെ സുധാകരനെ മാറ്റി പേരാവൂര്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സണ്ണി ജോസഫിനെ പുതിയ കെപിസിസി അദ്ധ്യക്ഷനായി നിയമിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. കെ സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കാനാണ് തീരുമാനം.
Content Highlights: Adoor Prakash reaction on UDF Convenor position