
'കണ്ണൂർ സിംഹത്തിൻ്റെ പല്ല് കൊഴിഞ്ഞെന്ന' കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പരിഭവങ്ങൾക്ക് ഒടുവിൽ കയ്യൊപ്പ് ചാർത്തിയിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. കെപിസിസി അധ്യക്ഷ പദവിയിൽ നാല് വർഷം തികയ്ക്കാൻ 1 മാസവും 8 ദിവസവും ബാക്കിയിരിക്കെയാണ് കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കെ സുധാകരൻ 'അൺഫിറ്റാണ്' എന്ന് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ നേതാക്കൾ പല്ലുകൊഴിഞ്ഞ സിംഹമെന്ന് ഡൽഹിയിലെത്തി പരാതി പറഞ്ഞിരുന്ന സുധാകരൻ്റെ കോൺഗ്രസിലെ രാജപദവി കൂടി ഒടുവിൽ ഹൈക്കമാൻഡ് അഴിച്ചെടുത്തിരിക്കുകയാണ്. രാഷ്ട്രീയ വനവാസത്തിന് ഒരുക്കമല്ലെന്ന സൂചന പദവി ഒഴിയില്ലെന്ന പ്രഖ്യാപനത്തിലൂടെ കെ സുധാകരൻ നേരത്തെ നൽകിയിരുന്നു. എന്നാൽ സുധാകരനെ അവഗണിച്ച് ഇനിയൊരു അങ്കത്തിന് ബാല്യമില്ലെന്ന തീർപ്പിലാണ് പക്ഷെ ഹൈക്കമാൻഡ് എത്തിച്ചേർന്നിരിക്കുന്നത്.
പിണറായി വിജയനെ നേരിടാൻ അതിനൊപ്പം തലയെടുപ്പും നെഞ്ചളവും ഉള്ള കണ്ണൂർ സിംഹം എന്ന നിലയിലായിരുന്നു സുധാകരൻ്റെ കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള വരവിനെ ഒരുവിഭാഗം സ്വാഗതം ചെയ്തിരുന്നത്. കോൺഗ്രസിൻ്റെ കേരള നേതൃത്വത്തെയാകെ നിഷ്പ്രഭരാക്കി ചരിത്രത്തിൽ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി അധികാര തുടർച്ച നേടിയ പശ്ചാത്തലത്തിലായിരുന്നു 2021 ജൂൺ 16ന് കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേയ്ക്കുള്ള കെ സുധാകരൻ്റെ സ്ഥാനാരോഹണം. അതിനാൽ തന്നെ പിണറായിക്കൊത്ത എതിരാളി എന്ന നിലയിൽ സുധാകരനെ കേരള രാഷ്ട്രീയത്തിൽ പ്ലെയ്സ് ചെയ്യാൻ ഈ വിവരണം കോൺഗ്രസിനെ സംബന്ധിച്ച് അനിവാര്യവുമായിരുന്നു.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനുമെല്ലാം രണ്ട് വട്ടം പയറ്റി പരാജയപ്പെട്ടിടത്ത് നിന്ന് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ മടക്കി കൊണ്ടുവരാൻ പിണറായി വിജയനൊപ്പം തലയെടുപ്പുള്ള നേതാവ് എന്നതായിരുന്നു സുധാകരന് കോൺഗ്രസുകാർ കൽപ്പിച്ച് നൽകിയ ദൗത്യം. ഇതിനിടയിൽ പിണറായി വിജയനുമായി ഉണ്ടാക്കിയ ചില വാക്ക് തർക്കങ്ങളിലൂടെ അത്തരമൊരു പ്രതിച്ഛായ നിർമ്മിതിയ്ക്ക് വെള്ളവും വളവും നൽകാൻ കെ സുധാകരന് സാധിച്ചിരുന്നു. എന്നാൽ പിണറായി വിജയൻ്റെ മൂന്നാമൂഴത്തെക്കുറിച്ച് ഇടതുപക്ഷ അണികൾ ആവേശത്തോടെ ചർച്ച ചെയ്യുന്ന ഘട്ടത്തിലാണ് 'കണ്ണൂർ സിംഹ'മെന്ന നിർമ്മിത പ്രതിച്ഛായയുടെ ആടയാഭരണങ്ങളെല്ലാം നിഷ്കരുണം അഴിച്ചെടുത്ത് കോൺഗ്രസ് ഹൈക്കമാൻഡ് കെ സുധാകരനെ ഇന്ദിരാ ഭവൻ്റെ അമരത്ത് നിന്നും ഒഴിവാക്കുന്നത്. അതും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടി ഒരുവർഷം മാത്രം ശേഷിക്കെ.
പ്രസിഡൻ്റ് പദവിയിൽ നിന്നും ഒഴിവാകില്ലെന്നും അത്തരം ഒരു നീക്കം പാർട്ടിയിൽ ഇല്ലെന്നും സുധാകരൻ പ്രഖ്യാപിച്ച് ഒരാഴ്ച തികയുന്നതിന് മുൻപാണ് ഹൈക്കമാൻഡ് സുധാകരനെ മാറ്റിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. ആരെങ്കിലും വിചാരിച്ചാൽ തന്നെ തൊടാനാകില്ലെന്നും സുധാകരൻ പ്രഖ്യാപിച്ചിരുന്നു. അതിനാൽ തന്നെ പല്ലും നഖവും കൊഴിഞ്ഞ് രാഷ്ട്രീയ കരുത്ത് ചോർന്നുപോയെന്ന് മുദ്രകുത്തി പദവിയിൽ നിന്നും ഒഴിവാക്കിയ ഹൈക്കമാൻഡ് നീക്കത്തോട് സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്നത് നിർണ്ണായകമാണ്. നാല് വർഷത്തിനടുത്ത് പാർട്ടിയുടെ അമരത്തിരുന്നതിൻ്റെ സ്വാധീനവും ശേഷിയും കോൺഗ്രസിനെ ബോധ്യപ്പെടുത്തി കൊടുക്കാൻ സുധാകരൻ തീരുമാനിച്ചാൽ വീണ്ടുമൊരു ചക്കളത്തിപ്പോരിൻ്റെ എപ്പിസോഡുകളിലൂടെ കേരളത്തിലെ കോൺഗ്രസിന് കടന്നു പോകേണ്ടി വരും. മറിച്ച് തൻ്റെ നോമിനിയായ സണ്ണി ജോസഫിനെ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് കൊണ്ടുവന്നത് നേട്ടമായി ചിത്രീകരിച്ച് കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിക്കാതെ അടിത്തൂൺ പറ്റാനാണ് സുധാകരൻ തീരുമാനിക്കുന്നതെങ്കിൽ രാഷ്ട്രീയ വിആർഎസ് എടുത്ത വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനുമൊക്കെ സ്ഥാനത്തും അസ്ഥാനത്തും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് തങ്ങളുടെ സാന്നിധ്യം ഓർമ്മപ്പെടുത്തുന്നത് പോലെ സുധാകരനും തുടരാം. ഇതിൽ ഏതാണ് സുധാകരൻ തിരഞ്ഞെടുക്കുന്നതെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
2021ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡ് കേരളത്തിൽ നടത്തിയ ഒരു സർജിക്കൽ സ്ട്രൈക്കായിരുന്നു കെപിസിസി അധ്യക്ഷ പദവിയിലേയ്ക്ക് കെ സുധാകരനെയും പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് വി ഡി സതീശനെയും നിയോഗിച്ച നീക്കം. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി കേരളത്തിലെ കോൺഗ്രസിൽ അടിയുറച്ചിരുന്ന ഗ്രൂപ്പ് സമവാക്യങ്ങളെ വേരോടെ പിഴുത് മാറ്റുന്നതായിരുന്നു ഹൈക്കമാൻഡിൻ്റെ ഈ നീക്കം. കോൺഗ്രസ് പാർട്ടിയെക്കാൾ ശക്തമായ സംഘനാശേഷിയുള്ള ഉമ്മൻ ചാണ്ടി നേതൃത്വം നൽകുന്ന എ ഗ്രൂപ്പിനെയും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിശാല ഐ ഗ്രൂപ്പിനെയും ചിന്നഭിന്നമാക്കുന്നതായിരുന്നു ഹൈക്കമാൻഡ് നീക്കം. പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് കെ സി ജോസഫും വരട്ടെയെന്ന രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും സമവായ നീക്കമാണ് വി ഡി സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്കും കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കും നിയോഗിച്ചതിലൂടെ ഹൈക്കമാൻഡ് പൊളിച്ചത്.
ഐ ഗ്രൂപ്പിന്റെ ഭാഗമെന്ന് കരുതുന്ന കെ സുധാകരനെ കെപിസിസി അധ്യക്ഷനായും കഴിഞ്ഞ കാലങ്ങളിൽ എ ഗ്രൂപ്പിന്റെ പോരാളികളായിരുന്ന മലബാറിൽ നിന്നും മധ്യകേരളത്തിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നുമുള്ള മൂന്നു പ്രമുഖനേതാക്കളെ വർക്കിംഗ് പ്രസിഡന്റുമാരായും ഹൈക്കമാൻഡ് നിശ്ചയിച്ചതോടെ കേരളത്തിലെ കോൺഗ്രസിലെ മഹാമേരുക്കളായിരുന്ന രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും അക്ഷരാർത്ഥത്തിൽ അപ്രസക്തരായിരുന്നു. ഗ്രൂപ്പുകളെയോ ഗ്രൂപ്പ് നേതാക്കളെയോ ഗ്രൂപ്പ് മാനേജർമാരെയോ പരിഗണിക്കില്ലെന്ന ശക്തമായ സൂചന നൽകിയായിരുന്നു കെ സുധാകരൻ്റ നേതൃത്വത്തിലേയ്ക്കുള്ള കടന്നുവരവ്. പുതിയ ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ചതിലൂടെ തൻ്റെ പ്രഖ്യാപനത്തിന് അടിവരയിടാനും സുധാകരൻ ശ്രമിച്ചിരുന്നു. തൻ്റെ നീക്കങ്ങൾക്ക് ഹൈക്കമാൻഡിൻ്റെ പൂർണ്ണ പിന്തുണയുണ്ടെന്ന് വരുത്തി തീർക്കാനും പുതിയ കെപിസിസി പ്രസിഡൻ്റിന് തുടക്കത്തിൽ സാധിച്ചിരുന്നു.
ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധം എന്ന നിലയിലുള്ള സമീപനമാണ് ഗ്രൂപ്പ് നേതൃത്വങ്ങളോട് തുടക്കം മുതൽ കെപിസിസി പ്രസിഡൻ്റ് സ്വീകരിച്ചത്. ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ച വിഷയത്തിൽ പരസ്യ നിലപാട് സ്വീകരിച്ച അന്നത്തെ കെപിസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.പി. അനിൽ കുമാർ, മുൻ എംഎൽഎ ശിവദാസൻ നായർ, പി എസ് പ്രശാന്ത് തുടങ്ങിയ നേതാക്കളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്താണ് കെപിസിസി പ്രസിഡൻ്റ് അച്ചടക്കമാണ് മുഖ്യമെന്ന സന്ദേശം നൽകിയത്. പ്രതിപക്ഷ നേതാവിനെയും കെപിസിസി നേതൃത്വത്തെയും തീരുമാനിച്ച തന്ത്രത്തിന് മുന്നിൽ പതറിപ്പോയ ഗ്രൂപ്പ് നേതാക്കൾ കുറച്ചെങ്കിലും സമചിത്തത വീണ്ടെടുത്തത് ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ച ഘട്ടത്തിലാണ്. പക്ഷെ അപ്പോഴേയ്ക്കും ഗ്രൂപ്പുകളുടെ കാൽച്ചുവട്ടിലെ വളക്കൂറുള്ള മണ്ണ് ഒരുപാട് ഒഴുകിപ്പോയിരുന്നു. ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ച തീരുമാനത്തിൽ പ്രതിഷേധമുണ്ടെന്ന് മാലോകരെ അറിയിച്ചപ്പോഴും നേതൃത്വത്തെ ശക്തമായി വെല്ലുവിളിക്കാനുള്ള ധൈര്യം രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പരസ്യമായി പ്രകടിപ്പിച്ചില്ല. മാത്രമല്ല പുതിയ നേതൃത്വം സമവായത്തിന് വന്നപ്പോൾ സമരസപ്പെട്ടു എന്ന നിലയിലുള്ള ശരീരഭാഷ മാധ്യമങ്ങൾക്ക് മുന്നിലെങ്കിലും പ്രകടിപ്പിക്കാൻ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നിർബന്ധിതരാവുകയും ചെയ്തിരുന്നു. വിഷയങ്ങൾ കൈവിട്ടുപോകുന്നു എന്ന നിലയിൽ പുതിയ നേതൃത്വം പ്രതിരോധത്തിലാകുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ട സമയത്ത് പോലും ഗ്രൂപ്പ് നേതൃത്വങ്ങളുടെ സമ്മർദ്ദങ്ങൾക്ക് കെപിസിസി പ്രസിഡൻ്റ് കീഴടങങ്ങിയില്ല. ഈ ഘട്ടത്തിലെല്ലാം പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ശക്തമായ പിന്തുണയും കെ സുധാകരനുണ്ടായിരുന്നു.
അച്ചടക്കം, സെമി കേഡർ പാർട്ടി എന്ന പുതിയ സമീപനങ്ങളെല്ലാം ചൂണ്ടിക്കാണിച്ചായിരുന്നു പാർട്ടിയിൽ പിടിമുറുക്കാൻ കെ സുധാകരൻ ശ്രമിച്ചത്. കോൺഗ്രസിനെ അടിമുടി മാറ്റിമറിക്കുന്ന സമീപനമെന്ന നിലയിലുള്ള അച്ചടക്ക സ്വഭാവമാണ് കെപിസിസി പ്രസിഡന്റ് മുന്നോട്ടുവച്ചത്. കൂടിയാലോചനകൾക്ക് കെപിസിസി പ്രസിഡന്റ് നേരിട്ട് ഇറങ്ങാതെ താൽപ്പര്യമുള്ളവർ ഊഴം നിശ്ചയിച്ച് കെപിസിസി പ്രസിഡന്റിനെ കണ്ട് പരാതിയോ അഭിപ്രായമോ പറയട്ടെ എന്ന സമീപനവും കെ സുധാകരൻ മുന്നോട്ട് വെച്ചിരുന്നു. രമേശ് ചെന്നിത്തലയോ ഉമ്മൻ ചാണ്ടിയോ വേണമെങ്കിൽ പുതിയ പാർട്ടിയുണ്ടാക്കട്ടെ എന്ന പരസ്യനിലപാട് സ്വീകരിച്ച രാജ്‌മോഹൻ ഉണ്ണിത്താനെ തൂവലിനെക്കാൾ മൃദുവായ അച്ചടക്കത്തിന്റെ വാൾകൊണ്ട് തഴുകി തൻ്റെ കൂടെ നിൽക്കുന്നവർക്ക് തണലൊരുക്കുമെന്ന നിലപാട് വ്യക്തമാക്കാനും കെ സുധാകരൻ ശ്രദ്ധിച്ചിരുന്നു.
പാർട്ടിയെ താഴെ തട്ട് മുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കെ സുധാകരൻ കേരളത്തിലെ കോൺഗ്രസിനെ സെമികേഡർ പാർട്ടിയാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചത്. കേരള മോഡൽ സെമി കേഡറിസത്തിന്റെ ഭാഗമായി കോൺഗ്രസിന്റെ ഏറ്റവും താഴെയുള്ള ഘടകമായി യൂണിറ്റ് കമ്മിറ്റികൾ എന്നൊരു സംവിധാനം കൂടി കെ സുധാകരൻ വിഭാവനം ചെയ്തു. കോൺഗ്രസിൻ്റെ സംഘടനാ സ്വഭാവത്തിൽ ഏറ്റവും അടിസ്ഥാന ഘടകം ബൂത്ത് കമ്മിറ്റികളാണ്. ഇതിനും താഴെയുള്ള ഘടകം എന്ന നിലയിലായിരുന്നു കെ സുധാകരൻ യൂണിറ്റ് കമ്മിറ്റികളെ വിഭാവനം ചെയ്തിരുന്നത്. എന്നാൽ കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സുധാകരൻ പ്രഖ്യാപിച്ച യൂണിറ്റ് കമ്മിറ്റികൾ അക്ഷരാർത്ഥത്തിൽ ചാപിള്ളയായി. സംഘടനാ തിരഞ്ഞെടുപ്പിൽ ഭരണഘടനാ പ്രകാരം ബൂത്ത് കമ്മിറ്റികളെ ഏറ്റവും താഴെയുള്ള ഘടകമായി പരിഗണിച്ചേ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്ക് സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുമായിരുന്നുള്ളൂ. ഈ ഘട്ടത്തിൽ സുധാകരൻ്റെ യൂണിറ്റ് കമ്മിറ്റികളുടെ സംഘടനാപരമായ അസ്ഥിത്വം ചോദ്യം ചെയ്യപ്പെട്ടു. പലയിടത്തും രൂപീകരിക്കപ്പെട്ട യൂണിറ്റ് കമ്മിറ്റികൾ പതിയ അകാല ചരമം അടഞ്ഞത് അതോടെയായിരുന്നു.
ഇതിനിടയിൽ കെ സുധാകരൻ വിഭാവനം ചെയ്ത സെമി കേഡറിസം ഒരുതരത്തിൽ സുധാകരനിസമായി പാർട്ടിയിൽ മാറുന്ന സാഹചര്യവുമുണ്ടായി. അതിൻ്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ഇന്ധനവിലവർദ്ധനവിനെതിരെ എറണാകുളം ഡിസിസി നടത്തിയ ചക്രസംത്ഭന സമരം കോൺഗ്രസിലെ സുധാകരനിസത്തിന്റെ മുഖം മാറ്റമായാണ് അദ്ദേഹത്തിൻ്റെ അനുയായികൾ പ്രകീർത്തിച്ചത്. ചക്രസംത്ഭനം പോലെ പ്രതീക്തമകമായി നടക്കേണ്ട ഒരുപരിപാടി മെട്രോ നഗരമായ കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ദേശീയപാതയിൽ ആളുകളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടത്താനുള്ള തീരുമാനം സുധാകരനിസം പ്രകടിപ്പിക്കാനുള്ള അവസരമായി ചില നേതാക്കളും പ്രവർത്തകരും കണ്ടു. വാഹനങ്ങൾ കുറുകെയിട്ട് ഗതാഗതം ബ്ലോക്കാക്കിയതിലും പിന്നീട് നടൻ ജോജു ജോർജ്ജുമായി നടന്ന സംഘർഷങ്ങളിലും അതിന് ശേഷം നടന്ന വെല്ലുവിളികളിലും ആരോപണങ്ങളിലുമെല്ലാം സുധാകരനിസത്തോടുള്ള ആവേശം പ്രകടമായിരുന്നു. അതുവരെ സുധാകരനെ ശക്തമായി പിന്തുണച്ചിരുന്ന വി ഡി സതീശനും കെ സി വേണുഗോപാലും പാർട്ടിയിൽ പിടിമുറക്കുന്ന സുധാകരനിസത്തിൻ്റെ അപകടം തിരിച്ചറിഞ്ഞതും ഈ ഘട്ടത്തിലായിരുന്നു. വിഡി സതീശൻ കെ. സുധാകരന്റെ നിലപാടുകളെയും ഇന്ധനസമരത്തിന്റെ രീതയെയും അനുകൂലിച്ചില്ല. കെസി വേണുഗോപാലും വിയോജിപ്പ് പറഞ്ഞിരുന്നു. സുധാകരനിസത്തിന് അനുകൂലമായി പാർട്ടിയിൽ ഉയരുന്ന രീതികളെ അതേ അർത്ഥത്തിൽ തലയിലേറ്റാൻ കഴിയില്ലെന്ന സൂചനയാണ് വി ഡി സതീശനും കെ സി വേണുഗോപാലും ഈ ഘട്ടത്തിൽ നൽകിയത്. ഈ നിലയിൽ കെ സുധാകരൻ്റെ സെമി കേഡറിസം കേരളത്തിലെ കോൺഗ്രസിൽ ചായ കോപ്പയിലെ കൊടുങ്കാറ്റാവുകയും ഒടുക്കം തണുത്താറി ഇല്ലാതാവുകയും ചെയ്തായിരുന്നു ഇതിൻ്റെയെല്ലാം ബാക്കിപത്രം.
മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തുതട്ടിപ്പ് കേസ് കെ സുധാകരൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചരുന്നു. കൂനിന്മേൽ കുരുപോലെ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നിലയിലുള്ള അനവസരത്തിലുള്ള നിരവധി പ്രസ്താവനകളും കെ സുധാകരനെ ദുർബലനാക്കി. ഇതിൽ വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ രമേശ് ചെന്നിത്തലയും വിഎം സുധീരനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നൽകിയതിനെതിരെ പരസ്യ വിമർശനം ഉന്നയിച്ച സുധാകരൻ്റെ നിലപാട് പാർട്ടിയ്ക്ക് തന്നെ തലവേദനയായിരുന്നു. “മാസശമ്പളം ഇടതുപക്ഷത്തിന്റെ കയ്യിൽ കൊടുക്കേണ്ട കാര്യമില്ല. സർക്കാരിന് പൈസ കൊടുക്കണമെന്നാരും പറഞ്ഞില്ല. കോൺഗ്രസ് പാർട്ടിക്ക് പണം സ്വരൂപിക്കാൻ അതിന്റേതായ ഫോറം ഉണ്ട്. പാർട്ടിയുടെ എല്ലാ ഘടകങ്ങളും അതുവഴിയാണ് പണം സ്വരൂപിക്കേണ്ടത്. രമേശ് ചെന്നിത്തലയും അതുവഴിയാണ് പണം നൽകേണ്ടത്” എന്നായിരുന്നു സുധാകരൻ്റെ പ്രതികരണം.
കണ്ണൂരിൽ ആർഎസ്എസ് ശാഖകൾ തകർക്കാൻ സിപിഐഎം ശ്രമിച്ച ഘട്ടത്തിൽ ആളെ അയച്ച് ശാഖകൾക്ക് സംരക്ഷണം നൽകിയിട്ടുണ്ടെന്ന കെ സുധാകരൻ്റെ വെളിപ്പെടുത്തൽ ഏറെ വിവാദമായിരുന്നു. ആർഎസ്എസ് നേതാവായിരുന്ന ശ്യാമപ്രസാദ് മുഖർജിയെ മുഖ്യമന്ത്രിയാക്കി നെഹ്റു വർഗീയ ഫാസിസത്തോട് സന്ധി ചെയ്തു എന്ന പ്രസ്താവനയും കോൺഗ്രസിൽ വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു. ശശി തരൂരിനെതിരെ സുധാകരൻ നടത്തിയ പരാമർശവും വിവാദമായിരുന്നു. തരൂർ കോൺഗ്രസിൽ ഇപ്പോഴും ട്രെയിനി മാത്രമാണെന്നും സംഘടനയെ നയിക്കാനുള്ള കഴിവ് ശശി തരരൂരിനില്ലെന്നുമായിരുന്നു കെ സുധാകരൻ്റെ പ്രതികരണം. ലീഗ് പോയാൽ യുഡിഎഫിലേയ്ക്ക് വരാൻ വെറെ പാർട്ടികൾ ഉണ്ടെന്ന സുധാകരൻ്റെ പ്രതികരണം മുസ്ലിം ലീഗിനെയും ചൊടിപ്പിച്ചിരുന്നു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരൻ്റെ പ്രതികരണങ്ങൾ. തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത് എന്ന് പഴയ പ്രസ്താവന അനുസ്മരിപ്പിച്ച് സുധാകരൻ അഭിമുഖത്തിൽ പ്രതികരിച്ചതും കോൺഗ്രസിന് പുലിവാലായിരുന്നു. തെക്കൻ കേരളത്തിലുള്ളവരെ അപമാനിക്കുന്ന നിലയിൽ സുധാകരൻ നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. വടക്കൻ കേരളത്തിൽ നിന്നുള്ള നേതാക്കന്മാരെല്ലാം നേരായ വഴിയൂടെ ചിന്തിക്കുന്നവരാണ്. എന്നാൽ തെക്കൻ കേരളത്തിൽ അങ്ങനെയല്ല. ഇതിന് ചരിത്രപരമായ കാരണങ്ങളുണ്ട് എന്നായിരുന്നു രാമയണത്തെ കൂട്ടുപിടിച്ചായിരുന്നു സുധാകരൻ്റെ പ്രതികരണം.
ഇതിനിടയിൽ പിണറായി വിജയനെ എതിരാളിയായി പ്രഖ്യാപിച്ച് കേരളത്തിൻ്റെ മുഖ്യമന്ത്രിയെ കള്ളുചെത്തുകാരൻ്റെ മകൻ എന്ന് വിളിച്ചും സുധാകരൻ അധിക്ഷേപിച്ചിരുന്നു. ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽ നിന്നും സുധാകരനെ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലെ നേതാാക്കൾ ഹൈക്കമാൻഡിനെയും സമീപിച്ചിരുന്നു, ഈ ആവശ്യം പതിയെ ആറി തണുത്തെങ്കിലും സുധാകരനെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യം ശക്തമായിട്ട് ഏതാണ്ട് ഒരു വർഷത്തോളയമായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്നായിരുന്നു റിപ്പോർട്ടുകളുണ്ടായിരുന്നത്. എന്നാൽ 2021ന് ശേഷം നിയമസഭയിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ വിജയവും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ വിജയവും കെപിസിസി പ്രസിഡൻ്റ് എന്ന നിലയിലുള്ള തൻ്റെ നേതൃമികവായി കെ സുധാകരനും അദ്ദേഹത്തിൻ്റെ അനുയായികളും ചിത്രീകരിച്ചിരുന്നു. ഇത്തരത്തിൽ ട്രാക്ക് റെക്കോർഡുള്ള സുധാകരനെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന വാദമായിരുന്നു കെ മുരളീധരൻ അടക്കമുള്ള നേതാക്കൾ ഉയർത്തിയിരുന്നത്.
എന്നാൽ ഈ തിരഞ്ഞെടുപ്പ് വിജയങ്ങളുടെയൊന്നും ക്രെഡിറ്റ് കെ സുധാകരനല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള നേതാക്കളുടെ ആസൂത്രണവും നേതൃത്വവുമാണ് ഈ തിരഞ്ഞെടുപ്പ് വിജയങ്ങളിൽ ഘടകമായതെന്നും വിലയിരുത്തലുകളുണ്ടായിരുന്നു. അത് ഒരുപരിധിവരെ ശരിയുമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നുള്ള സ്ഥാനാർത്ഥിയായിരുന്നു സുധാകരന് സംസ്ഥാനത്തെ മൊത്തം തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന ചുമതല ഉണ്ടായിരുന്നില്ല. ഉപതിരഞ്ഞെടുപ്പുകളിലും നേതൃപരമായി സുധാകരൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നില്ല. 'തിരഞ്ഞെടുപ്പ് ഘട്ടത്തിൽ സുധാകരൻ വാ തുറന്നാൽ ഉള്ള വോട്ട് കൂടി പോകുമെന്ന്' കോൺഗ്രസ് നേതാക്കൾ രഹസ്യമായി പറയുന്ന സാഹചര്യവുമുണ്ടായിരുന്നു. എന്ത് തന്നെയായാലും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കേരളത്തിൽ നയിക്കാൻ സുധാകരന് ശേഷിയില്ലെന്ന് തന്നെയാണ് ഹൈക്കമാൻഡ് അടിവരയിട്ടിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് വിജയങ്ങളുടെയൊന്നും ക്രെഡിറ്റ് കെ സുധാകരനല്ലെന്നും ഇതിലൂടെ ഹൈക്കമാൻഡ് പറയാതെ പറഞ്ഞിരിക്കുകയാണ്. പിണറായി വിജയൻ്റെ തലപ്പൊക്കത്തിനൊപ്പം ചേർന്ന എതിരാളി എന്ന വിവരണം ഏറ്റവും അവസാന നിമിഷം പോലും ഇന്ദിരാ ഭവന് മുന്നിൽ കൂറ്റൻ ഫ്ലക്സ് ബോർഡായി ഉയർത്തിയുള്ള പ്രതിച്ഛായ നിർമ്മിതിയ്ക്ക് സുധാകര അനുയായികൾ ശ്രമിച്ചിരുന്നു. എന്നാൽ കേരളത്തിലെ ഒരുവിഭാഗം കോൺഗ്രസുകാരുടെ 'കണ്ണൂരിലെ സിംഹം' വരുന്ന തിരഞ്ഞെടുപ്പിന് മുൻപായി എലിയെപ്പോലെ മടങ്ങുന്ന കാഴ്ചയ്ക്ക് കൂടിയാണ് രാഷ്ട്രീയ കേരളം സാക്ഷ്യം വഹിക്കുന്നത്.
Content Highlights: Congress High Command removes Sudhakaran's power ornaments