
മാർവെൽ സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ കഥാപാത്രമാണ് തോർ. അയൺമാൻ, സ്‌പൈഡർമാൻ പോലെ തന്നെ നിരവധി ആരാധകരാണ് തോറിനും ഉള്ളത്. ഇതുവരെ നാല് സിനിമകളാണ് തോറിനെ പ്രധാന കഥാപാത്രമാക്കി മാർവെലിൽ നിന്ന് പുറത്തിറങ്ങിയിട്ടുയുള്ളത്. മാർവെലിൽ തോറിന്റെ കഥ അവസാനിച്ചെന്നും ഇനിയൊരു തോർ ചിത്രം ഉണ്ടാകാന്‍
സാധ്യതയില്ലെന്നുമാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാലിപ്പോൾ മാർവെൽ ആരാധകരെ സന്തോഷിപ്പിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്.
തോർ അഞ്ചാം ഭാഗത്തിന് സാധ്യതയുണ്ടെന്നാണ് ഇപ്പോൾ ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2027 ൽ പുറത്തിറങ്ങാനിരിക്കുന്ന അവഞ്ചേഴ്‌സ് സീക്രെട്ട് വാർസിന്റെ റിലീസിന് പിന്നാലെയാകും പുതിയ തോർ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കുക. എക്സ്ട്രാക്ഷൻ എന്ന സൂപ്പർഹിറ്റ് ആക്ഷൻ സിനിമയൊരുക്കിയ സാം ഹാർഗ്രേവ് ആകും ഈ പുതിയ ചിത്രം ഒരുക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. ക്രിസ് ഹെംസ്വർത്ത് തന്നെയാകും അഞ്ചാം ഭാഗത്തിലും തോറിനെ അവതരിപ്പിക്കുക.
2011 ലാണ് കെന്നത്ത് ബ്രാന്‍ഗ് സംവിധാനം ചെയ്ത ആദ്യത്തെ തോർ ചിത്രം പുറത്തുവരുന്നത്. ക്രിസ് ഹെംസ്വർത്ത്, നതാലി പോർട്ട്മാൻ, ടോം ഹിഡിൽസ്റ്റൺ എന്നിവരായിരുന്നു സിനിമയിൽ പ്രധാന റോളുകളിൽ എത്തിയത്. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 2022 ലാണ് തോറിന്റെ അവസാന ഭാഗം പുറത്തിറങ്ങിയത്. ടൈക വൈറ്റിറ്റി സംവിധാനം ചെയ്ത സിനിമയ്ക്ക് മോശം പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചത്. ബോക്സ് ഓഫീസിലും കാര്യമായ നേട്ടമുണ്ടാക്കാൻ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല.
അതേസമയം, തണ്ടർബോൾട്ട്സ് ആണ് ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ മാർവെൽ സിനിമ. ജേക് ഷ്രെയ്റെർ സംവിധാനം ചെയ്ത ചിത്രം മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഫേസ് ഫൈവിന്റെ അവസാന സിനിമയാണ്. മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. സിനിമ 76 മില്യൺ ഡോളർ ഡൊമസ്റ്റിക് മാർക്കറ്റിൽ നിന്നും നേടിയപ്പോൾ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 162 മില്യൺ ഡോളര്‍ സ്വന്തമാക്കിയിട്ടുണ്ട്. 180 മില്യൺ ഡോളറിന്റെ നിർമ്മാണ ബജറ്റ് റിപ്പോർട്ട് ചെയ്ത ഈ ചിത്രം വലിയ വിജയത്തിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോർട്ട്. മാർവെലിൽ നിന്ന് മുൻപ് പുറത്തുവന്ന സിനിമകളിൽ നിന്നേറെ വ്യത്യസ്തമാണ് തണ്ടർബോൾട്ട്സ് എന്നും ചിത്രത്തിന്റെ കഥയും കഥാപാത്ര നിർമിതിയും മികച്ച് നിൽക്കുന്നെന്നുമാണ് അഭിപ്രായങ്ങൾ.
Content Highlights: Thor 5 in pipeline according to reports