അതൊക്കെ ടോം ക്രൂസിനും അക്ഷയ് കുമാറിനുമേ പറ്റൂ, ഞാനില്ല ആ പണിക്ക്: പ്രിയങ്ക ചോപ്ര

ഹെഡ് ഓഫ് സ്റ്റേറ്റ് എന്ന പുതിയ ചിത്രത്തിന്‍റെ പ്രീമിയറിന് എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം

dot image

ഹെഡ് ഓഫ് സ്റ്റേറ്റ് എന്ന പുതിയ ചിത്രവുമായി എത്തുകയാണ് പ്രിയങ്ക ചോപ്ര. കോമഡി - ആക്ഷന്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തില്‍ ജോണ്‍ സീനയ്ക്കും ഇദ്രിസ് എല്‍ബയ്ക്കും ഒപ്പമാണ് പ്രധാന വേഷത്തില്‍ പ്രിയങ്ക എത്തുന്നത്. വലിയ സ്‌കെയിലിലുള്ള ആക്ഷന്‍ സീനുകളുമായാണ് ചിത്രം എത്തുന്നത്.

ചിത്രത്തിലെ ഫൈറ്റ് സീനുകളെ കുറിച്ചും സ്റ്റണ്ട് ടീമിനെ കുറിച്ചും സംസാരിക്കുകയാണ് പ്രിയങ്ക ഇപ്പോള്‍. ഹെഡ് ഓഫ് സ്റ്റേറ്റിന്റെ ലണ്ടനിലെ പ്രീമിയറിന് എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടി.

ആക്ഷന്‍ സീനുകളെല്ലാം സ്വയം ചെയ്യുന്ന ആളായതുകൊണ്ട് ചെയ്യണമെന്ന് വലിയ ആഗ്രഹമുള്ള ഏതെങ്കിലും ഫൈറ്റുകള്‍ ഉണ്ടോ എന്നായിരുന്നു പ്രിയങ്കയോടുള്ള ചോദ്യം. 'ഏയ് അങ്ങനെയൊന്നുമില്ല. ഞാന്‍ ആക്ഷന്‍ സീനുകളെല്ലാം സ്വന്തമായി ചെയ്യുന്നയാളല്ല. ടോം ക്രൂസും അക്ഷയ് കുമാറും എല്ലാ ഫെെറ്റും സ്വയം ചെയ്യുന്നത് ഏറെ മികച്ച കാര്യമാണ്. അത് കാണാനും എനിക്ക് വലിയ ഇഷ്ടമാണ്. അവര്‍ അതില്‍ വലിയ പ്രാവീണ്യമുള്ളവരുമാണ്.

പക്ഷെ വിമാനത്തില്‍ നിന്ന് തൂങ്ങിയിറങ്ങനോ മറ്റോ പറഞ്ഞാല്‍, അതൊന്നും ചെയ്യാനുള്ള ധൈര്യം എനിക്കില്ല. അത് എന്നെ കൊണ്ട് പറ്റുന്ന പണിയുമല്ല. പക്ഷെ വലിയ സ്‌കെയിലില്‍ ഒരുങ്ങുന്ന ആക്ഷന്‍ സിനിമകളുടെയും മെഗാ ചിത്രങ്ങളുടെയും ഭാഗമാകാന്‍ ഒരുപാട് ഇഷ്ടമാണ്.

ഇത്തരം ചിത്രങ്ങളില്‍ ഞങ്ങളെല്ലാം കാര്യങ്ങള്‍ ചെയ്യുന്നത് ഒരുപാട് പേരുടെ ചുമലില്‍ ചവിട്ടിനിന്നുകൊണ്ടാണ്. സ്റ്റണ്ട് ടീമാണ് ഞങ്ങളെ തോളിലേറ്റുന്നത്. അവരുടെ ഉപകരണങ്ങളും ഗ്രീന്‍ മാറ്റുമെല്ലാം ചേര്‍ന്നാണ് സിനിമയിലെ ഫൈറ്റ് സീനുകള്‍ മികച്ചതാക്കുന്നത്. ആ ടീമിനോട് എനിക്കും ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാട് നന്ദിയുണ്ട്,' പ്രിയങ്ക ചോപ്ര പറഞ്ഞു.

അതേസമയം, ഇല്യ നൈഷുള്ളര്‍ സംവിധാനം ചെയ്യുന്ന ഹെഡ് ഓഫ് സ്റ്റേറ്റ് ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം ജൂലൈ 2 മുതലാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ചിത്രം മികച്ച എന്റര്‍ടെയ്‌നറാണെന്നാണ് വരുന്ന അഭിപ്രായങ്ങള്‍.

Content Highlights: Priyanka Chopra about action scenes in movies, Tom Cruise and Akshay Kumar

dot image
To advertise here,contact us
dot image