
തിരുവനന്തപുരം: ദേശീയ നേതൃത്വമായുള്ള കൂടിക്കാഴ്ച്ചക്കായി പി വി അൻവർ ഇന്ന് ബംഗാളിലെത്തും. രണ്ട് ദിവസം കൊൽക്കത്തയിൽ തുടരുന്ന പി വി അൻവർ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായും തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുമായും കൂടിക്കാഴ്ച്ച നടത്തും. തൃണമൂൽ കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, സംഘടന വിപുലീകരണം ഉൾപ്പടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ച്ചയിൽ ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ.
നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രചാരണത്തിനായി തൃണമൂലിന്റെ ദേശീയ നേതാക്കളെ എത്തിക്കാനുള്ള ശ്രമത്തിലാണ് പിവി അൻവർ. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവുമായി നിശ്ചയിച്ച പി വി അൻവറിന്റെ കൂടിക്കാഴ്ച്ചയിൽ ദേശീയ നേതൃത്വത്തിന്റെ കൂടി നിർദ്ദേശ പ്രകാരമായിരിക്കും പി വി അൻവർ നിലപാട് സ്വീകരിക്കുക.
ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിലാണ് പിവി അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കാന്‍ തീരുമാനമായത്. എല്ലാ കക്ഷികളുമായും പ്രതിപക്ഷ നേതാവ് ചർച്ച നടത്തിയ ശേഷം ഒരാഴ്ച്ചയ്ക്കകം വിഷയത്തിൽ തീരുമാനമെടുക്കുമെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അതേസമയം, അൻവറിനെ യുഡിഎഫിൽ ഉൾപ്പെടുത്തുന്നതിൽ ഭിന്നത നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. അൻവറിനെ ഉൾപ്പെടുത്തണമെന്ന വാദം യുഡിഎഫ് യോഗത്തിൽ ഉയർന്നെങ്കിലും ഏത് നിലയിൽ ഉൾപ്പെടുത്തണം എന്നതിൽ തീരുമാനമുണ്ടായിട്ടില്ല. അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെത്തന്നെ പച്ചക്കൊടി കാണിച്ചിരുന്നു. പ്രാദേശിക സഖ്യങ്ങൾക്ക് ദേശീയ നിലപാട് ബാധകമല്ല എന്നായിരുന്നു ഈ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാന്റിന്റെ നിലപാട്. മതേതര പാർട്ടികളെ ചേർത്ത് നിർത്തുന്നതിൽ തെറ്റില്ലെന്നും ഹൈക്കമാൻഡ് വിലയിരുത്തിയിരുന്നു.
Content Highlights: P V Anwar to visit Bengal today for meeting with National leadership