
റാപ്പര്‍ വേടന്‍ പുലിപ്പല്ല് കൈവശം വച്ചതിനെതിരായ വനം വകുപ്പിന്റെ നടപടികള്‍ക്ക് വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. എല്ലാവരുടെയും കാര്യത്തില്‍ വനംവകുപ്പും പൊലീസും ഇത്ര തിടുക്കം കാണിക്കാറുണ്ടോ എന്നതാണ് സുപ്രധാന വിമര്‍ശനം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ആളുകള്‍ ഉയര്‍ത്തിക്കാണിക്കുന്നത് മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസാണ്. വേടനും മോഹന്‍ലാലിനും ഇരട്ട നീതിയോ? പ്രിവിലജ് ഇല്ലാത്തത് കൊണ്ടാണോ വേടന് ഇത്ര തിടുക്കപ്പെട്ട നടപടികള്‍ നേരിടേണ്ടി വരുന്നത്, വേടന്റെ സാമൂഹ്യ പശ്ചാത്തലവും മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവുമാണോ കാരണം? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍….ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍, എന്തായിരുന്നു മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് എന്ന് നോക്കാം…
2011 ഓഗസ്റ്റ് മാസം, മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ വീട്ടിലേക്ക് ആദായ നികുതി വകുപ്പിന്റെ ഒരു സംഘം റെയ്ഡിന് എത്തുന്നു. എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടിലേക്ക് എത്തിയ സംഘം വീട്ടിലെ മേശയോട് ചേര്‍ത്ത് വച്ചിരിക്കുന്ന ആനക്കൊമ്പുകള് കാണുന്നു. മൊത്തം നാല് ആനക്കൊമ്പുകളാണ് മോഹന്‍ലാലിന്റെ വീട്ടിലുണ്ടായിരുന്നത്. ആദായ നികുതി വകുപ്പ് ഉടന്‍ തന്നെ വനം വകുപ്പിന് വിവരം കൈമാറുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ വേടനെതിരെ ഉണ്ടായതുപോലുള്ള ഒരു നീക്കമല്ല അന്ന് നമ്മള്‍ കണ്ടത്.
സാധാരണയായി ഇത്തരത്തിലുള്ള വന്യജീവികളുടെ ശരീരഭാഗങ്ങള്‍ കൈവശം വെക്കാനായി ലൈസന്‍സ് ആവശ്യമുണ്ട്. ഇല്ലാത്ത പക്ഷം കടുത്ത നടപടികള്‍ നേരിടേണ്ടി വരും. എന്നാല്‍ ഇവിടെ ആനക്കൊമ്പുകള്‍ സൂക്ഷിക്കാനുളള നിയമപരമായ രേഖകളൊന്നും മോഹന്‍ലാലിന്റെ പക്കലുണ്ടായിരുന്നില്ല.ആനക്കൊമ്പ് എവിടെ നിന്ന് ലഭിച്ചുവെന്ന് ചോദ്യത്തിന് മോഹന്‍ലാല്‍ അന്ന് നല്‍കിയിരുന്ന ഉത്തരം സുഹ്യത്തുകള്‍ സുക്ഷിക്കാന്‍ നല്‍കിയതായിരുന്നുവെന്നാണ്. രേഖകളൊന്നുമില്ലാത്ത പക്ഷം വനംവകുപ്പിന് തിടുക്കത്തില്‍ നടപടി എടുക്കാമായിരുന്നിട്ട് കൂടി, ദീര്‍ഘകാലം നീണ്ടുനിന്ന വലിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു മോഹന്‍ലാലിനെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത്.
2011 ഓഗസ്റ്റിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. എന്നാല്‍ കേസെടുത്തത്, തൊട്ടടുത്ത വര്‍ഷം 2012 ലാണ്. ഇവിടെയാണ് പുലിപ്പല്ല് കണ്ടെത്തിയതിന് തൊട്ടു പിന്നാലെ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുക്കുന്നതിന് പിന്നിലെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടുന്നത്. മോഹന്‍ലാലിന്റെ മൊഴി പോലും അന്ന് അദ്ദേഹത്തിന്റെ സൗകര്യത്തിന് അനുസരിച്ച് വീട്ടിലെത്തിയാണ് എടുത്തത്.
കേസ് മുന്നോട്ട് പോകുന്നതിനിടയില്‍ മോഹന്‍ലാല്‍ തനിക്ക് ആനക്കൊമ്പ് കൈവശം വെക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഉടമസ്ഥാവകാശത്തിനായി പ്രധാനമന്ത്രിക്ക് കത്തയച്ചു. പിന്നാലെ ഉടമസ്ഥാവകാശവും ലഭിച്ചു. മോഹന്‍ലാലിന്ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നല്‍കിയതിനെതിരെ ഏലൂര്‍ സ്വദേശി പൗലോസും മുന്‍ വനം വകുപ്പ് ഉദ്യോഗസ്ഥനും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ലൈസന്‍സ് കൈവശമുള്ളത് കൊണ്ട് ഈ കേസ് നിലനില്‍ക്കില്ല എന്നും, കേസ് അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ട് മോഹന്‍ലാല്‍ പെരുമ്പാവൂര്‍ കോടതിയില്‍ അപേക്ഷ നല്‍കി. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. പിന്നാലെ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഈ അപേക്ഷ പരിഗണിച്ച് മോഹന്‍ലാലിനെതിരായ, പെരുമ്പാവൂര്‍ കോടതിയുടെ വിധി റദ്ദാക്കുകയും, കേസിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു.
ഒരു കേസില്‍ അതിവേഗത്തില്‍ നടപടികളെടുക്കുന്നത് തെറ്റാണോ? അല്ല, ലഹരി കേസാണെങ്കിലും വനം വകുപ്പിന്റെ കേസാണെങ്കിലും അവിടെ നടപടികള്‍ വേഗത്തിലാവുന്നത് എല്ലാ കാലത്തും സ്വാഗതാര്‍ഹമാണ്. എന്നാല്‍ അവിടെ പ്രിവിലജുകളുടെ പേരില്‍ ചിലതൊക്കെ കണ്ടില്ലെന്ന് വയ്ക്കുകയും ചിലതിനൊക്കെ വൈകിപ്പിക്കലുകള്‍ ഉണ്ടാവുന്നതും നീതിയുക്തമല്ല. പുലിപ്പല്ല് ലഭിച്ചതിന് തൊട്ടു പിന്നാലെ വേടനെ തിടുക്കപ്പെട്ട് കസ്റ്റഡിയിലെടുത്തതും, 2011 ല്‍ ആനകൊമ്പ് കണ്ടെത്തിയ സംഭവത്തില്‍ 2012 ല്‍ മാത്രം നടപടിയെടുത്ത മോഹന്‍ലാലിന്റെ കേസിലും, ഈ പ്രിവിലജിന്റെ അന്തരം ഒരു വലിയ രാഷ്ട്രീയ ചോദ്യം തന്നെയാണ് മുന്നോട്ടുവെക്കുന്നത്.
Content Highlights- is there a double standard in the Forest Department's stance on Vedan's arrest?