
മസ്ക്കത്ത്: ഗൾഫ് മേഖലയിലെ സ്വപ്‌നപദ്ധതികളിൽ ഒന്നായ യുഎഇ-ഒമാൻ റെയിൽവേ നെറ്റ്‌വർക്ക് പദ്ധതിയുടെ പണികൾ വേഗത്തിൽ പുരോഗമിക്കുന്നു. ഒമാനെയും യുഎഇയെയും പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതി ഇരുരാജ്യങ്ങളുടെയും സ്വപ്‌ന പദ്ധതികളിൽ ഒന്നാണ്.
ഒമാനിലെ സോഹാർ തുറമുഖത്തെ യുഎഇ തലസ്ഥാനമായ അബുദാബിയുമായി ബന്ധിപ്പിക്കുന്ന 303 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയാണിത്. പദ്ധതി പ്രദേശത്ത് റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കുന്ന പണിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിനായി നിരവധി മണ്ണുമാന്തി യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും ഒരേസമയം പ്രവർത്തിക്കുന്നുണ്ട്.
ഒമാനി-എമിറാത്തി റെയിൽവേ ശൃംഖലയ്ക്ക് വേണ്ടി സ്ഥാപിച്ച ഹഫീത് റെയിൽ, പദ്ധതിയുടെ അപ്‌ഡേറ്റുകൾ എക്‌സ്പ്ലാറ്റ്‌ഫോമില്‍ പങ്കുവെക്കുന്നുണ്ട്. 3 ബില്യൺ ഡോളർ മുതൽമുടക്കുള്ള ഈ അത്യാധുനിക റെയിൽവേ പദ്ധതി എത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദാല ഇൻവെസ്റ്റ്മെന്റ് കമ്പനി എന്നിവയുടെ സംയുക്ത സംരഭത്തിലാണ് നിർമ്മിക്കുന്നത്.
'ഹഫീത് റെയിൽ ശൃംഖലയിലൂടെ ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്നതിനുള്ള പാതയിൽ എല്ലാ ദിവസവും പുതിയ പുരോഗതി അടയാളപ്പെടുത്തുന്നുണ്ട്. പ്രാദേശിക കണക്റ്റിവിറ്റിയുടെ ഭാവി കെട്ടിപ്പടുക്കുന്നതിനായി കാത്തിരിക്കുക!' എന്നാണ് പദ്ധതിയെ കുറിച്ച് ഹഫീത് റെയിൽ ട്വിറ്ററിൽ കുറിച്ചത്.
Content Highlights: Oman-UAE rail project Work is being accelerated