പാമ്പിനെ കൊണ്ട് കടിപ്പിച്ചത് 200 ലധികം തവണ; യുഎസ് പൗരന്റെ രക്തത്തിൽ നിന്ന് ആന്റിവെനം

പതിനെട്ട് വർഷകാലയളവിനിടയിൽ 200 ലധികം തവണയാണ് ഫ്രീഡ് പാമ്പ് വിഷം ശരീരത്തിൽ ഏറ്റുവാങ്ങിയത്

dot image

പാമ്പിന്‍ വിഷത്തിനെതിരായ പഠനങ്ങളിൽ നിർണായക വഴിത്തിരിവ്. പതിനെട്ട് വർഷത്തിൽ അധികമായി പാമ്പിനെ കൊണ്ട് കടിപ്പിച്ചും കുത്തിവെച്ചും വിഷം ശരീരത്തിൽ എത്തിച്ച യുഎസ് പൗരന്റെ രക്തത്തിൽ നിന്നുള്ള ആന്റിബോഡി നിരവധി വിഷങ്ങളെ പ്രതിരോധിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.

2001 മുതൽ 18 വർഷക്കാലം തുടർച്ചയായി പാമ്പിൻ വിഷം ശരീരത്തിൽ എത്തിച്ച ടിം ഫ്രീഡ് എന്ന വ്യക്തിയുടെ രക്തത്തിൽ നിന്നാണ് ഗവേഷകർ പുതിയ ആന്റിവെനം വേർതിരിച്ചത്. ലോകത്തിലെ എല്ലാതരത്തിലുള്ള പാമ്പ് കടികൾക്കും പരിഹാരം കണ്ടെത്താമെന്ന പ്രതീക്ഷയിലായിരുന്നു ഫ്രീഡിന്റെ സാഹസികത.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, എല്ലാ വർഷവും വിഷപ്പാമ്പുകളുടെ കടിയേറ്റ് ആഗോളതലത്തിൽ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും നിരവധി ലക്ഷം പേർക്ക് സ്ഥിരമായി അംഗവൈകല്യം വരുകയും ചെയ്യുന്നുണ്ട്.

സിഎൻഎന്നിലെ റിപ്പോർട്ട് അനുസരിച്ച്, ഫ്രൈഡിന്റെ രക്തത്തിൽ കണ്ടെത്തിയ ആന്റിബോഡികൾ ഇപ്പോൾ വിവിധ ജീവിവർഗങ്ങളിൽ നിന്നുള്ള മാരകമായ വിഷങ്ങളിൽ നിന്ന് പ്രതിരോധം തീർക്കുന്നതായി ഗവേഷകർ കണ്ടെത്തിയിരുന്നു. പതിനെട്ട് വർഷക്കാലയളവിനിടയിൽ 200 ലധികം തവണയാണ് ഫ്രീഡ് പാമ്പ് വിഷം ശരീരത്തിൽ ഏറ്റുവാങ്ങിയത്.

2017 ൽ വിവിധ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നതോടെയാണ് ടിം ഫ്രീഡിനെ കുറിച്ച് ഇമ്മ്യൂണോളജിസ്റ്റ് ജേക്കബ് ഗ്ലാൻവില്ലെ അറിഞ്ഞത്. തുടർന്ന് ഫ്രീഡിനെ ബന്ധപ്പെടുകയും ഗവേഷണത്തിലുള്ള താൽപ്പര്യം അറിയിക്കുകയുമായിരുന്നു.

തുടർന്ന് ജേക്കബിന്റെ ഗവേഷണത്തിനായി മിസ്റ്റർ ഫ്രൈഡ് 40 മില്ലി ലിറ്റർ രക്തം നൽകുകയും പഠനങ്ങൾ നടത്തുകയുമായിരുന്നു. തുടർന്ന് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ വാഗലോസ് കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിലെ മെഡിക്കൽ സയൻസസ് പ്രൊഫസർ റിച്ചാർഡ് ജെ. സ്റ്റോക്ക്, ജേക്കബ് ഗ്ലാൻവില്ലെ, പീറ്റർ ക്വോങ് എന്നിവർ ചേർന്ന് ഫ്രീഡിന്റെ ശരീരത്തിൽ നിന്ന് വേർതിരിച്ച ആന്റിവെനത്തെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിടുകയായിരുന്നു.

19 ഇനം വിഷപ്പാമ്പുകളുടെ കടിയേറ്റതിൽ നിന്ന് സംരക്ഷിക്കാൻ ഈ ആന്റിവെനത്തിന് കഴിയുമെന്നാണ് പഠനത്തിൽ പറയുന്നത്. നിലവിൽ പാമ്പിന്റെ വിഷം ചെറിയ അളവിൽ കുതിരകൾ പോലുള്ള മൃഗങ്ങളിൽ കുത്തിവെച്ചാണ് ആന്റിവെനം നിർമിക്കുന്നത്. എന്നാൽ ഇതിന് പാർശ്വഫലങ്ങൾ ഉണ്ടാവാനുള്ള സാധ്യതകൾ കൂടുതലാണ്. അതേസമയം മനുഷ്യശരീരത്തിൽ നിന്ന് വേർതിരിച്ചെടുത്ത ഈ ആന്റിവെനത്തിന് പാർശ്വഫലങ്ങൾ കുറവാണെന്നും പഠനം സൂചിപ്പിക്കുന്നുണ്ട്. അതേസമയം ഫ്രീഡിന്റെ ശരീരത്തിൽ നിന്ന് വേർതിരിച്ച ആന്റിവെനം കോക്ടെയ്ൽ ഇതുവരെ മനുഷ്യരിൽ പരീക്ഷിച്ചിട്ടില്ല.

Content Highlights: Antivenom extracted from blood of US citizen bitten by snake over 200 times

dot image
To advertise here,contact us
dot image