
ഐപിഎല്ലിലെ ഏറ്റവും ആവേശകരമായ മത്സരങ്ങൾ നടന്നത് എതിരാളികളായി ചെന്നൈ സൂപ്പർ കിങ്സ് എത്തിയപ്പോഴാണെന്ന് തുറന്നുപറഞ്ഞ് റോയൽ ചലഞ്ചേഴ്സ് സൂപ്പർ താരം വിരാട് കോഹ്‍ലി. ജിയോഹോട്സ്റ്റാറിന്റെ ഒരു പരിപാടിയിലാണ് താരത്തിന്റെ പ്രതികരണം. 'ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുന്നത് അവരുടെ ഹോംഗ്രൗണ്ടായ ചെപ്പോക്കിലാണെങ്കിൽ അവിടെ ചെന്നൈയുടെ ആരാധകർ മാത്രമാണുണ്ടാകുക. അതൊരു മഞ്ഞക്കടലാണ്. അതുപോലെ ചെന്നൈയെ ബെംഗളൂരുവില്‍ നേരിടുന്നതും പ്രയാസകരമാണ്. കാരണം, നിരവധി ആരാധകര്‍ ചെന്നൈ സൂപ്പർ കിങ്സിന് പിന്തുണയുമായി ബെംഗളൂരുവിലേക്ക് എത്തും.' കോഹ്‍ലി പറഞ്ഞു.
'ചെന്നൈയുടെ വലിയ ആരാധക സംഘമാണ് ബെംഗളൂരുവിലേക്കെത്തുന്നത്. മത്സരത്തിന് ഒരുപാട് നേരത്തെ തന്നെ ചെന്നൈ ആരാധകർ ടിക്കറ്റുകൾ സ്വന്തമാക്കുകയും സ്റ്റേഡിയത്തിന്റെ ഒരുഭാഗം കയ്യടക്കുകയും ചെയ്യും. അതുകൊണ്ട് ബെംഗളൂരുവിലെ സ്റ്റേഡിയമാണെങ്കിലും വളരെ ആവേശകരമായ അന്തരീക്ഷമാണ് ചെന്നൈയ്ക്കെതിരായ മത്സരങ്ങളിൽ ഉണ്ടാകാറുള്ളത്. ഇക്കാരണത്താല്‍ തന്നെ മത്സരത്തിൽ വലിയ സമ്മർദ്ദം ഉണ്ടാകാറുണ്ട്' കോഹ്‍ലി വ്യക്തമാക്കി.
ഐപിഎല്ലിൽ ഇന്ന് വീണ്ടും ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സും ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. റോയൽ ചലഞ്ചേഴ്സിന്റെ ഹോം ഗ്രൗണ്ടായ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. സീസണിൽ ചെന്നൈയുടെ ഹോംഗ്രൗണ്ടായ ചെപ്പോക്കിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ റോയൽ ചലഞ്ചേഴ്സിനായിരുന്നു വിജയം. 17 വർഷത്തിന് ശേഷമാണ് ഐപിഎല്ലിൽ ആർസിബി ചെന്നൈയെ ചെപ്പോക്കിൽ പരാജയപ്പെടുത്തുന്നത്.
ഐപിഎല്ലിൽ ഇന്ന് ചെന്നൈയെ തോൽപ്പിക്കാനായാൽ റോയൽ ചലഞ്ചേഴ്സിന് പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കാം. സീസണിൽ 10 മത്സരങ്ങൾ കളിച്ച റോയൽ ചലഞ്ചേഴ്സ് ഏഴ് വിജയമടക്കം 14 പോയിന്റ് നേടിയിട്ടുണ്ട്. എന്നാൽ ചെന്നൈ സൂപ്പർ കിങ്സിന് പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചുകഴിഞ്ഞു. 10 മത്സരങ്ങളിൽ ഇതുവരെ രണ്ട് വിജയം മാത്രമാണ് ചെന്നൈയ്ക്ക് നേടാൻ സാധിച്ചത്.
Content Highlights: CSK is the most favourite opponent in IPL: Virat Kohli