
മലപ്പുറം: യുഡിഎഫ് പ്രവേശനത്തില്‍ തീരുമാനമായതിനു പിന്നാലെ പ്രതികരണവുമായി മുന്‍ ഇടത് സ്വതന്ത്ര എംഎല്‍എ പി വി അന്‍വര്‍. യുഡിഎഫിന്റെ തീരുമാനത്തില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഇതോടെ സൈബര്‍ പോരാളികളുടെ വിലകുറഞ്ഞ പരിഹാസത്തിന് അവസാനമാകുമെന്നും പി വി അന്‍വര്‍ പറഞ്ഞു. താന്‍ കുടയില്‍ ഒതുങ്ങാത്ത വടിയാണെന്നും പിടിച്ചാല്‍ കിട്ടില്ലെന്നും പ്രചാരണമുണ്ടായി, എന്നാല്‍ യുഡിഎഫിനും കോണ്‍ഗ്രസിനും താന്‍ കുടയില്‍ ഒതുങ്ങുന്ന വടിയാണെന്ന് മനസിലായെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു പി വി അന്‍വറിന്റെ പ്രതികരണം.
'ഈ രീതിയില്‍ രാഷ്ട്രീയം മാറിമറിഞ്ഞപ്പോള്‍ എന്തായിരുന്നു അന്‍വറിനെക്കുറിച്ച് മൊത്തത്തിലുളള ചിത്രം? കുടയില്‍ ഒതുങ്ങാത്ത വടിയാണ്. എവിടെയും പിടിച്ചാല്‍ കിട്ടില്ല. നമ്മള്‍ തന്നെ പ്രതിസന്ധിയിലാകും. അതിനായി പല പഴയകാല തെളിവുകളും കൊടുത്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതൊക്കെ പരിപൂര്‍ണമായും തെറ്റാണെന്ന് യുഡിഎഫിനും കോണ്‍ഗ്രസിനുമറിയാം'- പി വി അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവുമായി രാഷ്ട്രീയമായി ഇടപെടാനുളള സാഹചര്യമുണ്ടായില്ലെന്നും അദ്ദേഹം എംഎല്‍എ ആകുന്ന സമയത്ത് തങ്ങള്‍ പാര്‍ട്ടി വിട്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് പി വി അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കാന്‍ തീരുമാനമായത്. അന്‍വറിനെ എങ്ങനെ സഹകരിപ്പിക്കണം എന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തി. അന്‍വറിന്‍റെ കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്‌തെന്നും ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കാന്‍ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ വ്യക്തമാക്കി. എല്ലാ കക്ഷികളുമായും പ്രതിപക്ഷ നേതാവ് ചര്‍ച്ച നടത്തുമെന്നും ഒരാഴ്ച്ചയ്ക്കകം വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: happy in udf decision to cooperate with me says pv anwar