
ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. 10 മത്സരങ്ങളിൽ ഇതുവരെ രണ്ട് വിജയം മാത്രമാണ് ചെന്നൈയ്ക്ക് നേടാൻ സാധിച്ചത്. അവശേഷിക്കുന്ന മത്സരങ്ങൾ വിജയിച്ച് അഭിമാനം രക്ഷിക്കുകയാണ് ചെന്നൈയുടെ ലക്ഷ്യം. സീസണിലെ മോശം പ്രകടനത്തിന് കാരണമായവരിൽ ചില താരങ്ങളെ ചെന്നൈ അടുത്ത ഐപിഎല്ലിന് മുമ്പായി ഒഴിവാക്കിയേക്കും. അവരിൽ ചില താരങ്ങൾ ഇവരാണ്.
രാഹുൽ ത്രിപാഠി
ചെന്നൈ സൂപ്പർ കിങ്സിൽ ഓപണറുടെ റോളിലെത്തിയ രാഹുൽ ത്രിപാഠി അഞ്ച് മത്സരങ്ങളിൽ നിന്ന് 55 റൺസ് മാത്രമാണ് നേടിയത്. 96.49 മാത്രമായിരുന്നു സ്ട്രൈക്ക് റേറ്റ്. 3.4 കോടി രൂപയ്ക്കാണ് ത്രിപാഠിയെ ചെന്നൈ സ്വന്തമാക്കിയത്. അടുത്ത സീസണിൽ ചെന്നൈ നിരയിൽ താരം ഉണ്ടായേക്കില്ല.
ദീപക് ഹൂഡ
1.7 കോടി രൂപയ്ക്കാണ് ദീപക് ഹൂഡയെ ചെന്നൈ സ്വന്തമാക്കിയത്. സീസണിൽ അഞ്ച് മത്സരങ്ങൾ കളിച്ച ഹൂഡ വെറും 31 റൺസ് മാത്രമാണ് നേടിയത്. 75.60 മാത്രമായിരുന്നു സ്ട്രൈക്ക് റേറ്റ്. ബാറ്റിങ് ശരാശരി 6.20 മാത്രമായിരുന്നു.
ഡെവോൺ കോൺവേ
ഒരിക്കൽ ചെന്നൈ സൂപ്പർ കിങ്സിന്റെ വിശ്വസ്ത ഓപണർമാരിൽ ഒരാളായിരുന്നു ഡെവോൺ കോൺവേ. എന്നാൽ ഈ സീസണിൽ താരത്തിന്റെ പ്രകടനം മോശമായിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്നായി 94 റൺസാണ് കോൺവേയുടെ സമ്പാദ്യം. 69 റൺസാണ് ഉയർന്ന സ്കോർ.
വിജയ് ശങ്കർ
താരലേലത്തിൽ 1.2 കോടി രൂപയ്ക്കാണ് വിജയ് ശങ്കർ ചെന്നൈ സൂപ്പർ കിങ്സിലെത്തിയത്. ആറ് മത്സരങ്ങളിൽ നിന്നായി 118 റൺസ് മാത്രമാണ് ശങ്കറിന്റെ സംഭാവന. പുറത്താകാതെ നേടിയ 69 റൺസാണ് ഉയർന്ന സ്കോർ.
രവിചന്ദ്രൻ അശ്വിൻ
ഐപിഎല്ലിൽ എട്ട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് രവിചന്ദ്രൻ അശ്വിൻ ചെന്നൈ സൂപ്പർ കിങ്സിൽ മടങ്ങിയെത്തിയത്. 9.75 കോടി രൂപയെന്ന വലിയ തുക നൽകിയാണ് അശ്വിനെ ചെന്നൈ സ്വന്തം തട്ടകത്തിൽ മടക്കിയെത്തിച്ചത്. എന്നാൽ സീസണിൽ ഏഴ് മത്സരങ്ങൾ കളിച്ച താരം അഞ്ച് വിക്കറ്റുകൾ മാത്രമാണ് നേടിയത്. ബാറ്റുകൊണ്ടും താരത്തിന്റെ സംഭാവന കുറവായിരുന്നു. രണ്ട് ഇന്നിങ്സിൽ ക്രീസിലെത്തിയെങ്കിലും 12 റൺസ് മാത്രമായിരുന്നു അശ്വിന്റെ സമ്പാദ്യം.
Content Highlights: Five Players CSK Could Release After IPL 2025