
കോഴിക്കോട്: മുനമ്പം വിഷയത്തില്‍ മുസ്‌ലിം ലീഗിനെതിരെ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. ദീനിന്റെ സ്വത്ത് പലരും സ്വന്തമാക്കിയിട്ടുണ്ടെന്നും അത് മൂടി വെക്കാനാണോ രാഷ്ട്രീയ നേതാക്കള്‍ അരമന കയറി ഇറങ്ങുന്നതെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. തളിപ്പറമ്പിലും മറ്റും ഇത്തരം ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫറൂഖ് കോളജ് പരിസരത്ത് വഖഫ് സംരക്ഷണ സമിതിയുടെ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമര്‍ ഫൈസി മുക്കം.
'മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തിലും പല വഖഫ് കയ്യേറ്റങ്ങളും നടന്നിട്ടുണ്ട്. സമസ്ത പറയുമ്പോള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൊള്ളുന്നുണ്ടാവും. അതിന് സമസ്ത ഉത്തരവാദിയല്ല', അദ്ദേഹം പറഞ്ഞു.
മുനമ്പം വിഷയത്തില്‍ ഫറൂഖ് കോളേജിനെയും ഉമര്‍ ഫൈസി വിമര്‍ശിച്ചു. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഫറൂഖ് കോളജ് പറയുന്നുവെന്നും അങ്ങനെ പറയുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റുപറ്റിയാല്‍ സമ്മതിക്കണമെന്നും അതിന് തയ്യാറാകുന്നില്ലെങ്കില്‍ നാട്ടുകാര്‍ ഇടപെടുമെന്നും ഉമര്‍ ഫൈസി വ്യക്തമാക്കി.
'പരിഹാരം സര്‍ക്കാരുമായി ആലോചിക്കണം. കോളജ് നടത്താന്‍ കമ്മറ്റി യോഗ്യരല്ല. വഖഫ് വിറ്റ് മുടിച്ചവര്‍ക്ക് യോഗ്യതയില്ല. വിറ്റതാണെങ്കില്‍ പകരം ഭൂമി കണ്ടെത്തി അവിടെ ഉള്ളവരെ മാറ്റി പാര്‍പ്പിക്കണം. അവിടെ ഉള്ളവരെ റോഡിലേക്ക് ഇറക്കി വിടരുത്. നഷ്ടപരിഹാരം നല്‍കി പരിഹരിക്കണം', ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
Content Highlights: Umar Faizy Mukkam against Muslim League on Munambam issue