
വയനാട്: കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ ആദിവാസി യുവാവ് ഗോകുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ശുപാര്‍ശ ചെയ്തു. ഗോകുലിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കേയാണ് നടപടി. ഹൈക്കോടതി അഭിഭാഷകനായ കുളത്തൂര്‍ ജയ്‌സിങ്ങിന് നല്‍കിയ വിവരാവകാശ രേഖയിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി വ്യക്തമാക്കിയത്.
ഗോകുലിന്റെ മരണത്തില്‍ സംസ്ഥാന പൊലീസ് മേധാവി സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ട് കത്ത് നല്‍കിയെന്നാണ് കുളത്തൂര്‍ ജയ്‌സിങ്ങിന് ലഭിച്ച മറുപടി. ഏപ്രില്‍ ഒന്നിന് രാവിലെ എട്ട് മണിയോടെയായിരുന്നു ഗോകുലിനെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാണാതായ വയനാട് സ്വദേശിയായ ആദിവാസി പെണ്‍കുട്ടിയെ ഗോകുലിനൊപ്പം കണ്ടെത്തിയ സംഭവത്തിലായിരുന്നു ഗോകുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ ഗോകുലിന് 18 വയസായിരുന്നില്ല. എഫ്‌ഐആആറില്‍ ജനന വര്‍ഷം മാത്രമാണ് രേഖപ്പെടുത്തിയതെന്നും പൊലീസ് നടപടികളിലും മരണത്തിലും ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു.
അതേസമയം ഗോകുലിന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി ഉത്തര മേഖലാ ഡിഐജിക്ക് എസ്പി റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഗോകുല്‍ ശുചിമുറിയിലേക്ക് പോയി പുറത്ത് വരാന്‍ വൈകിയതില്‍ ജാഗ്രതക്കുറവുണ്ടായെന്നും കൃത്യമായി നിരീക്ഷണം നടന്നില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
Content Highlights: DGP recommends CBI probe into death of tribal youth at Kalpetta police station