
കൊച്ചി: റാപ്പര്‍ വേടന് പിന്തുണയുമായി നടന്‍ ശരത് അപ്പാനി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശരത് അപ്പാനി വേടന് പിന്തുണ പ്രഖ്യാപിച്ചത്. ഇപ്പോ കൊണ്ടത് അമ്പാണെങ്കില്‍ ഇനി കൊളളാന്‍ പോകുന്നത് വേടന്റെ, ശൂദ്രന്റെ, ശംഭൂകന്റെ നല്ല പീരങ്കി വെടിയായിരിക്കുമെന്ന് ശരത് അപ്പാനി പറഞ്ഞു. ഇതുകഴിഞ്ഞുളള വേടന്റെ എഴുത്തിന് രോമാഞ്ചത്തോടെ കാത്തിരിക്കുകയാണെന്നും ശരത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. പുലിപ്പല്ല് കേസില്‍ വേടന് ഇന്ന് കോടതി ജാമ്യം അനുവദിച്ചിരുന്നു. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്.
ശരത് അപ്പാനിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
എന്നാൽ ഇനി ഒരു കഥ പറയാം..
ഉത്തരകാണ്ഠത്തിൽ നിന്നൊരു കഥ..
മര്യാദാ പുരുഷോത്തമൻ ഭഗവാൻ ശ്രീരാമൻ ലങ്കാ വിജയത്തിന് ശേഷം രാജ്യം ഭരിച്ചിരുന്ന കാലം.. പരാതികളോ പരിഭവങ്ങളോ അഴിമതികളോ അന്യരാജ്യ ഭീഷണികളോ ഇല്ലാതിരുന്ന സർവ്വരും സമാധാനത്തിൽ ജീവിച്ചിരുന്ന കാലം.. അങ്ങനെ ഇരിക്കെ ഒരു പൂണുലിട്ട ബ്രഹ്മണൻ പരാതിയുമായി ശ്രീരാമചന്ദ്രന്റെ അടുത്തെത്തി... തന്റെ മകൻ അകാലത്തിൽ മരിച്ചുവെന്നും അതിന് കാരണം ശംഭൂകൻ എന്നൊരു ശൂദ്രൻ വേദം പഠിക്കുന്നത് കൊണ്ടാണെന്നും പരാതിപ്പെട്ടു. ആ ശുഭനായ ശംഭൂകൻ ഇപ്പോൾ തങ്ങൾക്ക് മാത്രം തീറാധാരം എഴുതിയ തപസ്സ് ചെയ്യുന്നു എന്നും ശൂദ്രൻ തപം ചെയ്താൽ ശുദ്ധ സംഗീതം മരിക്കും എന്നും ക്ഷമിക്കുക..... സാമൂഹിക ഘടന നശിക്കും എന്നും വാവിട്ടു.. പ്രജക്ഷേമ തത്പരനായ ഭഗവാൻ ആ നിമിഷം തന്നെ പുഷ്പകവിമാനത്തിലേറി കാടാകെ അരിച്ച് ശംഭൂകനെ കണ്ടു പിടിച്ചു.. തലകീഴായി കഠിനതപം ചെയ്തിരുന്ന ശൂദ്രനായ വേടന്റെ..... ക്ഷമിക്കണം ശൂദ്രനായ ശംഭൂകന്റെ തലയറുത്തിട്ട് നാച്ചുറൽ ഓഡർ നടപ്പിലാക്കി... ശുദ്ധമായ തപസ്സു ചെയ്ത് പൈനായിരം രൂപയും നാഷണൽ അവാർഡും വാങ്ങിയവർ ശംഭൂകന്റെ കഥകേട്ട് "who is sambhukan" എന്ന് എലൈറ്റ് മലയാളത്തിൽ സംശയം ചോദിച്ചു.. ഇരട്ടപൽ ധാരി... സോറി.. ഇരട്ടതപസ്സ് ചെയ്ത പ്രജാക്ഷേമ മന്ത്രി "നോ കമന്റ്സ് " പോലും പറയാതെ തന്റെ ഉള്ള പല്ലുകളും കൊണ്ട് ഉണ്ട വിട്ടു..
ഇത് കണ്ട ശുദ്ധസംഗീതപ്രേമികളും കിണ്ടി വാദികളും
"അവനെ കണ്ടപ്പോഴേ തോന്നീ..., കണ്ടാലേ ഒരു കാടൻ " എന്നൊക്കെ താളത്തിൽ പറഞ്ഞ് ശുദ്ധസംഗീതത്തിനും നാച്ചുറൽ ഓർഡറിനും സാമൂഹികവ്യവസ്ഥക്കും വരമ്പിട്ടു. വരമ്പും അതിർത്തിയും നിറവും വിഷയമേ അല്ലാത്ത ഞാനടക്കമുള്ളവർ തല വെട്ടി തളം കെട്ടിയ ചോര നോക്കിയിരുന്നു.... ആ ചോരയിൽ നിന്നാണിനി വേടന്റെ പാട്ട് ആരംഭിക്കാൻ പോകുന്നത്.... ശംഭൂകന്റെ പുതിയ തപസ് ആരംഭിക്കാൻ പോകുന്നത്...
റെഡി ആയിരുന്നോ.... ഇപ്പൊ കൊണ്ടത് അമ്പാണെങ്കിൽ ഇനി കൊള്ളാൻ പോകുന്നത് വെടിയായിരിക്കും വേടന്റെ, ശൂദ്രന്റെ ശംഭൂകന്റെ നല്ല പീരങ്കി വെടി...
കഴിഞ്ഞിട്ട് വാ മോനെ... ഇത് കഴിഞ്ഞിട്ടുള്ള നിന്റെ എഴുത്തിനു രോമാഞ്ചത്തോടെ കാത്തിരിക്കുന്നു.....
Content Highlights: actor sarath appani supports rapper vedan