തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 17 സീറ്റോടെ എൽഡിഎഫിന് നേട്ടം; യുഡിഎഫിന് 12, സീറ്റില്ലാതെ ബിജെപി

വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലേയ്ക്കായിരുന്നു ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ കാസർകോട് ജില്ലയിലെ രണ്ട് വാർഡുകളിൽ നേരത്തെ എതിരാളികളില്ലാത്തതിനാൽ എൽഡിഎഫ് വിജയിച്ചിരുന്നു

dot image

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയ്ക്ക് നേട്ടം. തിരഞ്ഞെടുപ്പ് നടന്ന 28 വാർഡുകളിൽ 17 എണ്ണത്തിൽ എൽഡിഎഫ് വിജയിച്ചു. 12 ഇടത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. ബിജെപിയ്ക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. ഒരു സീറ്റിൽ എസ്ഡിപിഐ വിജയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലേയ്ക്കായിരുന്നു ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ കാസർകോട് ജില്ലയിലെ രണ്ട് വാർഡുകളിൽ നേരത്തെ എതിരാളികളില്ലാത്തതിനാൽ എൽഡിഎഫ് വിജയിച്ചിരുന്നു. ബാക്കി 28 വാർഡുകളിലേയ്ക്കായിരുന്നു തിരഞ്ഞെടുപ്പ്.

തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം വാർഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഐഎം സിറ്റിങ് സീറ്റ് നിലനിർത്തി. സിപിഐഎമ്മിലെ വി ഹരികുമാർ ബിജെപിയിലെ മിനിയെ 12 വോട്ടുകൾക്ക് പരാജയപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ വാർഡിൽ എസ്ഡിപിഐ നേടിയ വിജയമാണ് ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായത്. യുഡിഎഫിൻ്റെ സിറ്റിങ്ങ് സീറ്റിലായിരുന്നു എസ്ഡിപിഐ സ്ഥാനാർത്ഥിയായ മുജീബ് പുലിപ്പാറ 226 വോട്ടിന് വിജയിച്ചത്.

തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട് വാർഡിലും സിറ്റിങ്ങ് സീറ്റിൽ യുഡിഎഫിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എൽഡിഎഫ് സ്ഥാനാർഥി സൈദ് സബർമതിയാണ് ഇവിടെ അട്ടിമറി വിജയം നേടിയത്. യുഡിഎഫ് പഞ്ചായത്ത് അംഗം രാജിവച്ച ഒഴിവിലായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി വാർഡിൽ യുഡിഎഫിന് വിജയം. സേവ്യർ ജെരോൺ 269 വോട്ടിനാണ് ഇവിടെ വിജയിച്ചത്. എൽഡിഎഫിൻ്റെ സിറ്റിങ്ങ് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.

ആലപ്പുഴ മുട്ടാ‍ർ‌ പഞ്ചായത്തിലെ മിത്രക്കരി ഈസ്റ്റ് വാർഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. 15 വോട്ടിനായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം. കാവാലം പഞ്ചായത്തിലെ പാലോടം വാർഡിൽ എൽഡിഎഫിന് വിജയം. എൽഡിഎഫിലെ മം​ഗളാനന്ദനാണ് ഇവിടെ വിജയിച്ചത്. 171 വോട്ടിനായിരുന്നു എൽഡിഎഫ് സ്ഥാനാർ‌ത്ഥിയുടെ വിജയം.

കൊല്ലം ജില്ലയിലെ കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ കല്ലുവാതുക്കൽ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. സിറ്റിങ് സീറ്റിൽ സിപിഐയിലെ മഞ്ജു സാം 193 വോട്ടുകൾക്കാണ് വിജയിച്ചത്. അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചൽ ഡിവിഷനിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ കൊട്ടറ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. സിപിഐഎമ്മിലെ വത്സമ്മ 900 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്.

ഇടമുളയ്ക്കൽ ഗ്രാമപ്പഞ്ചായത്തിലെ പടിഞ്ഞാറ്റിൻകര വാ‍ർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ ഷീജ ദിലീപ് 24 വോട്ടിനാണ് ഇവിടെ വിജയിച്ചത്. ക്ലാപ്പന ഗ്രാമപ്പഞ്ചായത്തിലെ പ്രയാർ തെക്ക് ബി വാ‍ർഡ് എൽഡിഎഫ് നിലനിർത്തി. സിറ്റിങ് സീറ്റിൽ സിപിഐഎമ്മിലെ ജയാദേവി 277 വോട്ടുകൾക്കാണ് വിജയിച്ചത്. കുലശേഖരപുരം ഗ്രാമപ്പഞ്ചായത്തിലെ കൊച്ചുമാംമൂട് വാർഡിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് ഇവിടെ സിറ്റിങ്ങ് സീറ്റ് നിലനിർത്തി. എൽ‍ഡിഎഫിൻ്റെ പി സുരജാ ശിശുപാലൻ 595 വോട്ടിനാണ് വിജയിച്ചത്.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നഗരസഭയിലെ 13-ാം വാർഡിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. യുഡിഫ് സ്ഥാനാർത്ഥി മേരിക്കുട്ടി ചാക്കോ 65 വോട്ടിനാണ് ഇവിടെ വിജയിച്ചത്. അതേ സമയം പായിപ്ര പഞ്ചായത്തിലെ 10-ാം വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർഥി സുജാത ജോൺ 162 വോട്ടിനാണ് ജയിച്ചത്. കോതമംഗലം പൈങ്ങോട്ടൂർ പഞ്ചായത്ത് പത്താം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി അമൽ രാജ് 461 വോട്ട് നേടി വിജയിച്ചു. യുഡിഎഫിലെ ബിജി സജിയെ 166 വോട്ടുകൾക്ക് പരാജയപ്പെടുത്തി. പെരുമ്പാവൂർ അശമന്നൂർ പഞ്ചായത്തിലെ 10-ാം വാ‍ർഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി വിജയം. 40 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥി എൻ എം നൗഷാദ്‌ വിജയിച്ചത്.

കോട്ടയം രാമപുരം പഞ്ചായത്തിലെ ഏഴാം വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസ് സ്ഥാനാർത്ഥി രജിത റ്റി ആർ 235 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്. വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന ഷൈനി സന്തോഷിനെ അയോഗ്യയാക്കിയതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞടുപ്പ് നടന്നത്. കോൺഗ്രസിനൊപ്പം നിന്ന ഷൈനി കേരള കോൺ​ഗ്രസ് മാണി വിഭാഗത്തിലേക്ക് കൂറുമാറുകയായിരുന്നു. ഇവിടെ എൽഡിഎഫിനെ പിന്നിലാക്കി ബിജെപി രണ്ടാമത് എത്തി.

ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ദൈവം മേട് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽ ഡി എഫിലെ ബീന ബിജു ഏഴു വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്. ഇതോടെ ഇരു മുന്നണികൾക്കും ഒൻപത് സീറ്റ് വീതമായി. യുഡിഎഫ് ആണ് നിലവിൽ പഞ്ചായത്ത് ഭരിക്കുന്നത്.

പത്തനംതിട്ട നഗരസഭ പതിനഞ്ചാം വാർഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർഥി ബിജിമോൾ മാത്യു മൂന്ന് വോട്ടിനാണ് വിജയിച്ചത്. പുറമറ്റം പഞ്ചായത്തിലെ ഗാലക്സി വാർഡിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫ് വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ശോഭിക ഗോപി 152 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അയിരൂർ ഗ്രാമപഞ്ചായത്ത് തടിയൂർ വാർഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാർത്ഥി പ്രീത ബി നായർ 106 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

തൃശ്ശൂ‍ർ ജില്ലയിലെ ചൊവ്വന്നൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് വാർഡ് നിലനിർത്തുകയായിരുന്നു. 41 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഷഹർബാൻ വിജയിച്ചത്.

പാലക്കാട് ജില്ലയിലെ മുണ്ടൂർ പഞ്ചായത്തിലെ കീഴ്പാടം വാർഡ് എൽ.ഡി.എഫ് നിലനിർത്തി. സിപിഐഎമ്മിലെ പി ബി പ്രശോഭ് 346 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

കോഴിക്കോട് ജില്ലയിലെ പുറമേരി പഞ്ചായത്തിലെ കുഞ്ഞല്ലൂർ വാർഡിൽ യുഡിഎഫിന് അട്ടിമറി വിജയം. യുഡിഎഫ് സ്ഥാനാർത്ഥി പുതിയോട്ടിൽ അജയാണ് ഇവിടെ വിജയിച്ചത്. 20 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥി പരാജയപ്പെട്ടത്.

മലപ്പുറം ജില്ലയിലെ കരുളായി പഞ്ചായത്തിലെ ചക്കിട്ട മല വാർഡിൽ യുഡിഎഫിന് വിജയം. യുഡിഎഫിലെ വിപിൻ കരുവാടൻ 397 വോട്ടിനാണ് സിറ്റിങ് സീറ്റിൽ വിജയിച്ചത്. തിരുനാവായ പഞ്ചായത്തിലെ എടക്കുളം ഈസ്റ്റ് വാർഡിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. 260 വോട്ടിനായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ജബ്ബാർ ഉണ്ണിയാലുങ്കലിൻ്റെ വിജയം. എൽഡിഎഫിൻ്റെ സിറ്റിങ് വാർഡിലാണ് യുഡിഎഫ് വിജയം. എൽഡിഎഫ് മെമ്പർ അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. സിറ്റിംഗ് സീറ്റിൽ ഇവിടെ എൽഡിഎഫ് മൂന്നാം സ്ഥാനത്തേയ്ക്ക് പോയി. എസ്ഡിപിഐ ആണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്.

കണ്ണൂർ ജില്ലിയിലെ പന്നിയന്നൂ‌ർ പഞ്ചായത്തിലെ താഴെചമ്പാട് എൽഡിഎഫിലെ ശരണ്യ സുരേന്ദ്രൻ വിജയിച്ചു. 499 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിലെ എംവി അബ്ദുള്ളയെയാണ് പരാജയപ്പെടുത്തിയത്. കാസർകോട് ജില്ലിയിലെ കോഡോം-ബേലൂർ പഞ്ചായത്തിലെ അയരോട്ട് എൽഡിഎഫിലെ സൂര്യ ​ഗോപാലൻ വിജയിച്ചു. മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന് വാർഡിൽ എൽഡിഎഫിലെ ഒ നിഷയും കയ്യൂർ-ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ സുകുമാരനും നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു.

Content Highlights: LDF wins 16 seats in local body by election in kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us