

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയുടെ ഓഡിയോ സന്ദേശം റിപ്പോർട്ടറിന്. മന്ത്രിമാറ്റത്തിൽ അനുകൂല തീരുമാനമെടുക്കാത്തതിനാൽ മുഖ്യമന്ത്രിയെ വിമർശിക്കുന്ന ഓഡിയോ സന്ദേശമാണ് റിപ്പോർട്ടറിന് ലഭിച്ചത്.
എൻസിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു വിമർശനം. മന്ത്രിമാറ്റത്തിൽ പാർട്ടി തീരുമാനം നടപ്പാക്കണം എന്ന് മുഖ്യമന്ത്രിയോട് താൻ ആവശ്യപ്പെട്ടെന്നും അപ്പോൾ മന്ത്രിമാറ്റത്തിന് നിർബന്ധം പിടിക്കരുതെന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞുവെന്നും ചാക്കോ പറയുന്നു. മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി സംസാരിച്ചെങ്കിൽ തനിക്ക് വലിയ പബ്ലിസിറ്റി കിട്ടിയേനെ എന്നും അതിനപ്പുറത്തേക്ക് തനിക്ക് പറയാമായിരുന്നെങ്കിലും താൻ ഒന്നും പറഞ്ഞില്ല എന്നും പുറത്തുവന്ന ശബ്ദസന്ദേശത്തിൽ പി സി ചാക്കോ പറയുന്നുണ്ട്.
'ഞാനും ശശിയും തോമസും കൂടെ മുഖ്യമന്ത്രിയെ കണ്ടു. ഈ തീരുമാനം തെറ്റാണെങ്കിൽ എന്തിന് മുഖ്യമന്ത്രിയെ കാണണം? സംസാരിച്ചപ്പോൾ ഇപ്പോൾ ഈ മാറ്റം വേണോ എന്നും നിർബന്ധം പിടിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശരദ് പവാർ എടുത്ത തീരുമാനമെന്ന് ഞാൻ പറഞ്ഞു. അതിനപ്പുറത്തേക്ക് പറഞ്ഞില്ല. ഘടക കക്ഷികളോടുള്ള കീഴ്വഴക്കങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയോട് തനിക്ക് പറയാമായിരുന്നു. പത്രസമ്മേളനത്തിലും പറയാം. മുന്നണിയിൽ ഉന്നയിക്കാം. കുറിക്ക് കൊള്ളുന്ന പോലെ മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി സംസാരിച്ചെങ്കിൽ തനിക്ക് വലിയ പബ്ലിസിറ്റി കിട്ടും…'
നേരത്തെ മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് എൻസിപിയിൽ തർക്കത്തോട് മുഖ്യമന്ത്രിയും എൽഡിഎഫും അനുകൂലമായിട്ടല്ല പ്രതികരിച്ചത്. ശശീന്ദ്രനെ മാറ്റണമെന്ന എൻസിപി സംസ്ഥാന നേതൃത്വത്തിൻ്റെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തോമസ് കെ തോമസിനെതിരെ ഉയർന്ന കൈക്കൂലി ആരോപണമാണ് മുഖ്യമന്ത്രിയെ മന്ത്രിസ്ഥാന ആവശ്യം പരിഗണിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതെന്നായിരുന്നു റിപ്പോർട്ട്. ഇതിനിടെ മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐഎമ്മിന്റെ പ്രവർത്തകർ തന്നെ എൻസിപിക്കെതിരെ രംഗത്തുവന്നിരുന്നു. സിപിഐഎം കുട്ടനാട് ഏരിയാ സമ്മേളനത്തിലാണ് തോമസ് കെ തോമസിനെതിരെ വിമർശനം ഉയർന്നത്. ഇതിന് ശേഷമ ചാക്കോയുടെ ഈ വിമർശനം എന്നതാണ് ശ്രദ്ധേയം. ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് എംഎൽഎയ്‌ക്കെതിരെ രൂക്ഷവിമർശനം ഉയർന്നുവന്നിരുന്നു. തോമസ് കെ തോമസിനെ മന്ത്രി ആക്കാതിരുന്നതിൽ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് അഭിനന്ദനവും ഉണ്ടായിരുന്നു. തുടർന്ന് കുട്ടനാട് സീറ്റ് പാർട്ടി ഏറ്റെടുക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.
Content Highlights: PC Chacko against Pinarayi Vijayan