ആരും പുതിയ കേസുകൾ കൊടുക്കരുത്, ജയിലിൽ നിന്നും വന്നാൽ സ്കൂട്ടർ വിതരണം; അനന്തു കൃഷ്ണന്റെ ഓഡിയോ സന്ദേശം പുറത്ത്

വിവിധ പദ്ധതികളുടെ പേരിൽ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയതായാണ് വിവരം

ആരും പുതിയ കേസുകൾ കൊടുക്കരുത്, ജയിലിൽ നിന്നും വന്നാൽ സ്കൂട്ടർ വിതരണം; അനന്തു കൃഷ്ണന്റെ ഓഡിയോ സന്ദേശം പുറത്ത്
dot image

മൂവാറ്റുപുഴ: പകുതിവിലയ്ക്ക് സ്ത്രീകൾക്ക് സ്‌കൂട്ടർ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ ഇടുക്കി സ്വദേശി അനന്തു കൃഷ്ണന്റെ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഓഡിയോ സന്ദേശം പുറത്ത്. ജയിലിൽ നിന്നും വന്നാൽ സ്കൂട്ടർ വിതരണം നടത്തുമെന്നും ആരും പുതിയ കേസുകൾ കൊടുക്കരുതെന്നുമാണ് ഓഡിയോ സന്ദേശത്തിൽ പ്രതിയുടെ അഭ്യർത്ഥന. ജയിലിൽ തന്നെ കാണാനെത്തിയ സുഹൃത്തിന്റെ ഫോണിൽ നിന്നാണ് അനന്തു ശബ്ദ സന്ദേശം അയച്ചിരിക്കുന്നത്.

കേസ് കൂടിയാൽ തനിക്ക് പുറത്ത് വരാനാവില്ല. ഫണ്ട് റോൾ ചെയ്തപ്പോൾ ഉദ്ദേശിച്ച തുക ലഭിച്ചില്ലെന്നും എൻജിഒ കോൺഫെഡറേഷൻ നേതാക്കൾ തന്നെ കൈവിട്ടുവെന്നും ഇയാൾ പറയുന്നു. തനിക്ക് ഉത്തരവാദിത്തം ഒറ്റയ്ക്ക് ചുമലിലേൽക്കേണ്ടി വന്നു. ഏഴ് സ്ഥാപനങ്ങൾ സിഎസ്ആർ തരാൻ തയ്യാറാണ്. അവരുമായി ചർച്ച നടത്താനിരിക്കുകയാണ്. അതിനിടെയാണ് അറസ്റ്റ് ചെയ്തത്. അവിടെ നിന്നും പണം ലഭിക്കും. പുറത്ത് വന്നാൽ ഒരു സമയപരിധിക്കുള്ളിൽ പണവും വാഹനവും നൽകാനാവുമെന്നും ശബ്ദസന്ദേശത്തിലുണ്ട്.

കഴിഞ്ഞ ദിവസമാണ് കുടയത്തൂർ സ്വദേശിയായ അനന്തു കൃഷ്ണ(26)ൻ അറസ്റ്റിലായത്. വിവിധ പദ്ധതികളുടെ പേരിൽ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയതായാണ് വിവരം. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകൾ രംഗത്തെത്തിയിരുന്നു.

വിമൺ ഓൺ വീൽസ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വാഹനത്തിന്റെ പകുതി തുക അടച്ചാൽ ബാക്കി പകുതി തുക കേന്ദ്രസർക്കാർ സഹായമായും വലിയ കമ്പനികളുടേതടക്കം സിഎസ്ആർ ഫണ്ടായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. പണം അടച്ച് 45 ദിവസത്തിനുള്ളിൽ വാഹനം ലഭ്യമാകുമെന്നും ഇയാൾ വാഗ്ദാനം നൽകിയിരുന്നു. അനന്തു കൃഷ്ണന്റെ വാക്കുകൾ വിശ്വസിച്ച സ്ത്രീകൾ ഇയാളുടെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നൽകിയത്.

ടൂവീലറിന് പുറമേ, തയ്യൽ മെഷീൻ, ലാപ് ടോപ്പ് തുടങ്ങിയവയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് പറഞ്ഞും ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. ഇവയുടെ വിതരണോദ്ഘാടനത്തിന് പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും പങ്കെടുപ്പിച്ചിരുന്നു. ഇതിലൂടെ ആളുകളുടെ വിശ്വാസം പിടിച്ചുപറ്റിയായിരുന്നു തട്ടിപ്പ് നടത്തിയത്.

പണം നൽകി 45 ദിവസങ്ങൾ കഴിഞ്ഞിട്ടും വാഹനം ലഭിക്കാതെ വന്നതോടെ പലരും ഇയാളെ നേരിട്ട് സമീപിച്ച് കാര്യങ്ങൾ തിരക്കി. ദിവസങ്ങൾക്കുള്ളിൽ വാഹനം ലഭ്യമാക്കുമെന്നായിരുന്നു ഇയാൾ നൽകിയ മറുപടി. രണ്ടും മൂന്നും തവണ അന്വേഷിച്ചിട്ടും വാഹനം ലഭിക്കാതെ വന്നതോടെ പലരും പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Content Highlights: ananthu Krishnan's audio message from jail in scooter scheme scam

dot image
To advertise here,contact us
dot image