

ന്യൂഡൽഹി: ട്രൈബൽ വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതൻ വരണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന നിലവാരമില്ലാത്തതെന്ന് മന്ത്രി ഒ ആർ കേളു. രാഷ്ട്രപതി ദ്രൗപദി മുർമു ഗോത്രവിഭാഗത്തിൽ നിന്നുള്ളവരാണ്. രാഷ്ട്രപതിയെ സംബന്ധിച്ചും ഇതേ അഭിപ്രായമാണോ സുരേഷ് ഗോപിക്ക് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. ബിജെപിക്കാർ പോലും ഇത് മുഖവിലയ്ക്കെടുക്കില്ല. രാജ്യത്തെ ആരും ഇതൊന്നും മുഖവിലയ്ക്കെടുക്കില്ലെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.
നിരവധിപ്പേരാണ് സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തുന്നത്. സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് കെ രാധാകൃഷ്ണൻ എം പി പറഞ്ഞു. രാഷ്ട്രപതിയെ അപമാനിക്കുന്നതാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. സുരേഷ്‌ഗോപിയാണോ ഉന്നതകുലജാതരെ തീരുമാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ആദിവാസി ഗോത്രമഹാസഭാ നേതാവും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡന്റുമായ സി കെ ജാനുവും രംഗത്തെത്തി. സുരേഷ് ഗോപിയുടെ പ്രസ്താവന ബാലിശമാണെന്ന് അവർ റിപ്പോർട്ടറിനോട് പറഞ്ഞു. തങ്ങളെ പോലെ ഉളളവർ അടിമകളായി തുടരണം എന്ന് പറയുകയാണ്. ഇത്തരം ചർച്ചകൾ പോലും ഉയരുന്നത് ഇന്ത്യക്ക് അപമാനമാണെന്നും അവർ കൂട്ടിച്ചേർത്തു.
ആദിവാസി വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്നും വകുപ്പ് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. ബജറ്റിലെ കേരളത്തോടുള്ള അവഗണനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് നിങ്ങൾ എങ്ങനെ വേണമെങ്കിലും പ്രചരിപ്പിച്ചോളൂ എന്നും സുരേഷ് ഗോപി മറുപടി നൽകി. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ വിവാദപ്രസ്താവനയിൽ തന്നോട് ഒന്നും ചോദിക്കരുതെന്നുപറഞ്ഞ് സുരേഷ് ഗോപി ഒഴിഞ്ഞുമാറുകയും ചെയ്തു.
Content Highlights: o r kelu against suresh gopi